OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഗീവര്‍ഗ്ഗീസ് റമ്പാച്ചന്‍ ഇനി മെത്രാപ്പോലീത്ത 

  • International
14 Sep 2022

ലെബനോന്‍: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ വയനാട് സ്വദേശി ഗീവര്‍ഗ്ഗീസ് റമ്പാച്ചനെ (ഫാ.ഷിബു കുറ്റിപറിച്ചേല്‍ ) മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.  ഫാ.ഷിബു വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തിലെ മാടക്കരയില്‍ പാലാക്കുനി ഗ്രാമത്തില്‍ കുറ്റിപറിച്ചേല്‍ കെ.സി. യോഹന്നാന്റെയും കെ. അന്നമ്മയുടെയും നാലു മക്കളില്‍ ഇളയവനാണ്. 2016ല്‍ തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ ഹയറുന്നീസയ്ക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത് ഫാ. ഷിബു മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര - വിശദാംശങ്ങള്‍ക്ക് വാര്‍ത്താ ലിങ്ക് സന്ദര്‍ശിക്കുക. 

ജീവിത രേഖ:

സുല്‍ത്താന്‍ ബത്തേരി: ഫാ.ഷിബു വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തിലെ മാടക്കരയില്‍ പാലാക്കുനി ഗ്രാമത്തില്‍ കുറ്റിപറിച്ചേല്‍ കെ.സി. യോഹന്നാന്റെയും കെ. അന്നമ്മയുടെയും നാലു മക്കളില്‍ ഇളയവനായി 1976 ഫെബ്രുവരി 8 ന് ജനിച്ചു. സൂസന്‍, ഷാജി, കുര്യാച്ചന്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോളിയാടി എ.യു.പി.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും അമ്പലവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പഠനവും നടത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. മുളന്തുരുത്തി വെട്ടിക്കല്‍ എം.എസ്.ഒ.റ്റി. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ബാംഗ്ലൂര്‍, ജര്‍മ്മനി എന്നിവടങ്ങളില്‍ തുടര്‍ പഠനവും നടത്തി. മലബാറിലെ ആദ്യത്തെ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയാണ് മാതൃ ഇടവക. മാമോദീസായിവൂടെ അച്ചനെ സഭയുടെ ഭാഗമാക്കിയത് പുല്യാട്ടേല്‍ ജോര്‍ജ്ജ് തോമസ് അച്ചനാണ്. വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയ്ക്കായി കൈപിടിച്ച് കയറ്റിയത് മനയത്ത് വന്ദ്യ ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പയാണ്. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ താനോനോ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് വലിയ തിരുമേനിയില്‍ 2002 മെയ് 7 ന് കോറൂയോ, യൗഫ്ദാ പട്ടങ്ങളും 2003 ഓഗസ്റ്റ് 7 ന് മ്ശംശോനോ, കശീശ്ശാ സ്ഥാനങ്ങളും സ്വീകരിച്ചു.

ശുശ്രൂഷിച്ച ഇടവകകള്‍ :

തോട്ടമൂല സെന്റ് കുര്യാക്കോസ്, കല്ലറ സെന്റ് ജോര്‍ജ്, എഴിപ്പുറം സെന്റ് ജോര്‍ജ് ചാപ്പല്‍, ഫ്‌ളോറിഡ സെന്റ് മേരീസ്, കൊട്ടാട് സെന്റ് മേരീസ്, തൃക്കൈപ്പറ്റ സെന്റ് തോമസ്, പേരിയ സെന്റ് ജോര്‍ജ്, പയ്യമ്പിള്ളി സെന്റ് ജോണ്‍സ്, സെന്റ് അപ്രേം സെമിനാരി (എ.എസ്.റ്റി സെമിനാരി ചാപ്പല്‍), ചെറ്റപ്പാലം സെന്റ് മേരീസ്, മാനന്തവാടി സെന്റ് ജോര്‍ജ്, മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്, ചീങ്ങേരി സെന്റ് മേരീസ്, ചീയമ്പം മോര്‍ ബേസില്‍, കല്ലുമുക്ക് സെന്റ് ജോര്‍ജ്, മൂലങ്കാവ് സെന്റ് ജോണ്‍സ്, ആസ്‌ട്രേലിയ പെര്‍ത്ത് സെന്റ് പീറ്റേഴ്‌സ് എന്നീ ഇടവകയില്‍ ശുശ്രൂഷ ചെയ്തു. വൈദീക സെമിനാരി വാര്‍ഡന്‍, അദ്ധ്യാപകന്‍, നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അരമന മാനേജര്‍, മെത്രാപ്പോലീത്തായുടെ സെക്രട്ടറി, മലബാര്‍ ഭദ്രാസത്തിന്റെ അരമന അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ അംഗം, കുടുംബ യൂണിറ്റുകളുടെ കോര്‍ഡിനേറ്റര്‍, മന്ന ഡയറക്ടര്‍, എം.ജെ.എസ്.എസ്.എ. മലബാര്‍ ഭദ്രാസന വൈസ് പ്രസിഡന്റ്, കോഴിക്കോട് കൃപാലയം ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചു. 

ജീവകാരുണ്യ മേഖല:

അച്ചന്റെ നേതൃത്വത്തില്‍  വയനാട്, എറണാകുളം ജില്ലകളിലായി 50 വീടുകളാണ് ഇതിനകം പണിതു നല്‍കിയത്. പുത്തുമലയിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 2018ലെ പ്രളയത്തില്‍ വീടുനഷ്ടമായ 35 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെഡുകളും നിര്‍മ്മിച്ചു നല്‍കി. കാന്‍സര്‍ രോഗികളെ ആശ്വസിപ്പിക്കാന്‍ അണിചേരാം എന്ന പദ്ധതിയിലൂടെ 27 ലക്ഷം രൂപയാണ് ചികിത്സാ സഹായമായി നല്‍കിയത്.

കിഡ്‌നി രോഗികള്‍ക്കുള്ള ചികിത്സാ സഹായമായി ഇതിനകം 36 ലക്ഷം രൂപ സ്വരൂപിച്ച് നല്‍കി, നിര്‍ധന യുവതികളുടെ വിവാഹത്തിനായി 18 ലക്ഷം രൂപയും ചെലവഴിച്ചു. കൂട് എന്ന പദ്ധതിയിലൂടെ വസ്ത്ര വിതരണം, കുടിവെള്ളം എത്തിക്കല്‍, മെഡിക്കല്‍ ക്യാംപുകള്‍, ആശുപത്രികളില്‍ ഭക്ഷണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. 5 കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാ ണ് അച്ചന്റെ നേതൃത്വത്തില്‍ നടന്നത്.

2016ല്‍ തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ ഹയറുന്നീസയ്ക്ക് തന്റെ കിഡ്‌നി ദാനം ചെയ്ത ഫാ. ഷിബു മാതൃകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി എം.ജെ.എസ്.എസ്.എ. മാനന്തവാടി മേഖല നടപ്പാക്കുന്ന രക്തദാന നേത്രദാന ജീവകാരുണ്യ പദ്ധതിയായ ജ്യോതിര്‍ഗമയയുടെ സഹരക്ഷാധികാരിയാണ്.

16 ഗ്രന്ഥങ്ങളുടെ രചിതാവ്:

വിശുദ്ധ വിചാരങ്ങള്‍, ഉള്‍ക്കാഴ്ചയുടെ ഉറവിടം, ചിരിയുടെ ചിരാതുകള്‍, തിരിച്ചറിവിന്റെ തിരിനാളങ്ങള്‍, മഴനീരും മിഴിനീരും, കരുണയുടെ ഹൃദയതാളം, അറിയാനും അറിവേകാനും, മനസ്സ് മലിനമാകാതിരിക്കാന്‍, ഗുരുമൊഴികള്‍, ജീവിതമാകുന്ന കലയും ഞാനാകുന്ന കലാകാരനും, ആടുന്ന കൊമ്പിലെ പാടുന്ന പക്ഷി, വചനവയില്‍, മണിയറയും മണ്ണറയും മനുഷ്യജീവിതത്തില്‍, കരുണയുടെ കാവല്‍ മാലാഖ, ഒന്നുവീതം രണ്ടുനേരം, മണ്ണില്‍ എഴുതുന്നവനും മനസ്സില്‍ എഴുതുന്നവരും അമ്മ എന്ന നന്മ, എന്നീ ഗ്രന്ഥങ്ങളുടെ രചിതാവാണ്.

ഹോണററി ഡോക്ടറേറ്റ്:

19- 05- 2017 ന് ഷിബു കുറ്റിപ്പറിച്ചേല്‍ അച്ചന് സ്വീഡനിലെ യൂണിവേഴ്‌സിറ്റി ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

റമ്പാന്‍ സ്ഥാനം സ്വീകരിണം

മെത്രാഭിഷേകത്തിന്റെ മുന്നോടിയായി ബഹു. ഷിബു അച്ചനെ 2022 ഓഗസ്റ്റ് 17-തീയതി ദമസ്‌ക്കസ് മോര്‍ അഫ്രേം സിറിയന്‍ ഓര്‍ത്തഡോക്‌സ് ദയറയില്‍ വച്ച് പരി. മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ  ഗീവര്‍ഗ്ഗീസ് റമ്പാന്‍ എന്ന നാമധേയത്തില്‍ ദയറോയൂസോ സ്ഥാനത്തേക്ക് ഉയര്‍ത്തി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show