ക്ഷേമ പെന്‍ഷനും റേഷനും റദ്ദാക്കിയ നടപടിയില്‍ കെസിവൈഎം പ്രതിഷേധിച്ചു
മനാന്തവാടി: അഗതികളും ആരോരുമില്ലാത്തവരുമായ ആളുകളുടെ ക്ഷേമപെന്‍ഷനും റേഷനും റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും, നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കെസിവൈഎം കല്ലോടി മേഖല സമിതി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചു. കെസിവൈഎം കല്ലോടി മേഖല പ്രസിഡന്റ് ടിനു തോമസ് മങ്കൊമ്പിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കത്തയച്ചത്. ഇന്ന് അഗതി മന്ദിരങ്ങളിലും, ഷെല്‍റ്റര്‍ ഹോമുകളിലും കഴിയുന്നവര്‍ ഒരു കാലത്ത് രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുള്ളവര്‍ ആണെന്നും, അഗതികളും രാജ്യത്തെ പൗരന്മാര്‍ ആണെന്നും അവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന നടപടി വേദനാജനകമാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര വിഹിതം ലഭിക്കുന്നില്ലായെന്ന് സര്‍ക്കാര്‍ പറയുമ്പോളും, സംസ്ഥാനത്ത് 1800ന് മുകളില്‍ ഉള്ള അഗതി മന്ദിരങ്ങളില്‍ താമസിക്കുന്ന ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന ജനങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിനു മാത്രമാണോ ഉത്തരവാദിത്വം എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കത്തില്‍ പറയുന്നു.വിവിധ കോവിഡ് പ്രതിസന്ധികളില്‍ നിന്നും ഇനിയും വിമുക്തമായിട്ടില്ലാത്ത, സാമ്പത്തികമായും മറ്റു വിവിധ രീതികളിലും വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയാണമെന്ന് കെസിവൈഎം കല്ലോടി മേഖല സമിതി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍