OPEN NEWSER

Saturday 16. Feb 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സൂര്യാഘാതം: മുന്‍കരുതല്‍ സ്വീകരിക്കണം

  • Health
27 Feb 2017

സൂര്യാഘാതം ചെറുക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിലെ നിര്‍ണ്ണായകമായ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം (Heat stroke).
 
 
ലക്ഷണങ്ങള്‍:
 
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, നാഡിമിടിപ്പ് മന്ദഗതിയിലാവുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും. സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ വൈദ്യസഹായം തേടണം.
 
സൂര്യതാപമേറ്റുള്ള താപശരീരശോഷണം (Heat axhaustion)
 
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെത്തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗമുള്ളവരിലുമാണ് കൂടുതലായി കണ്ടുവരുന്നത്.
 
ലക്ഷണങ്ങള്‍:
 
ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, കടുത്ത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധംകെട്ടു വീഴുക തുടങ്ങിയവ. ശരീരം തണുക്കുകയും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലും ശ്വസനനിരക്ക് വര്‍ദ്ധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിലേക്ക് മാറിയേക്കാം.
 
സൂര്യാഘാതമോ താപശരീരശോഷണമോ ഉണ്ടെന്നു തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍
• വെയിലുള്ള സ്ഥലത്തുനിന്ന് തണലിലേക്ക് മാറുക/ മാറ്റുക, വിശ്രമിക്കുക
• തണുത്തവെള്ളംകൊണ്ട് ശരീരം തുടയ്ക്കുക, വീശുക, എ.സി/ ഫാന്‍ പ്രവര്‍ത്തിപ്പിക്കുക.
• ധാരാളം വെള്ളം കുടിക്കുക.
• കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക.
• പരമാവധി വേഗം ഡോക്ടറുടെ അടുത്ത്/ ആശുപത്രിയില്‍ എത്തിക്കുക.
 
സൂര്യാഘാതം/ താപശരീരശോഷണം വരാതിരിക്കാന്‍ ചെയ്യേണ്ടത്
• ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും ഓരോ മണിക്കൂര്‍ ഇടവിട്ട് 2- 4 ഗ്ലാസ്സ് വെള്ളം കുടിക്കുക. വിയര്‍പ്പ് കൂടുതലുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങവെള്ളമോ കുടിക്കുക.
• വെയിലത്ത് പണിയെടുക്കേണ്ടിവരുന്നവര്‍ ജോലിസമയം പുന:ക്രമീകരിക്കുക. കഴിയുന്നതും ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക.
• കട്ടികുറഞ്ഞതും ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുക.
• കടുത്ത വെയിലില്‍ ജോലി ചെയ്യേണ്ടിവന്നാല്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
• കുട്ടികളെ വെയിലില്‍ കളിക്കാന്‍ അനുവദിക്കരുത്.
• ചൂടു കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
• 65നു മുകളിലും നാലില്‍ താഴെയും പ്രായമുള്ളവരുടെയും ചികിത്സയിലിരിക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
• വീടിനകത്തെ ചൂട് പുറത്തു പോകുന്നതിനും വായുസഞ്ചാരം ലഭിക്കുന്നതിനും വാതിലുകളും ജനലുകളും തുറന്നിടുക.
• വെയിലത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളിലുംമറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.
 
സൂര്യതാപംകൊണ്ടുള്ള ചെറു പ്രശ്‌നങ്ങള്‍
 
പൊള്ളലേല്‍ക്കല്‍
 
സൂര്യതാപമേറ്റാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമുണ്ടാകും. തീവ്രമാണെങ്കില്‍ തീപ്പൊള്ളലേറ്റതുപോലെയുള്ള കുമിളകളും ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നത് / ചെലവഴിക്കുന്നത് ഒഴിവാക്കുക.
• ത്വക്കിലോ ശരീരത്തിലോ അസ്വസ്ഥതയനുഭവപ്പെട്ടാലുടന്‍ വെയിലത്തുനിന്ന് മാറിനില്‍ക്കുക. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുക. കൈയ്യും മുഖവും കഴുകുക. കുളിക്കുക.
• ധാരാളം വെള്ളം കുടിക്കുക.
• പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്.
• ഡോക്ടറെ കണ്ട് ചികിത്സ തേടുക.
 
പേശീവലിവ് (Heat cramps)
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ഇതനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെട്ടാല്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി നിര്‍ത്തിവെച്ച് തണുപ്പുള്ള സ്ഥലത്തേയ്ക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി നിര്‍ത്തിവെക്കണം. കുറച്ചു സമയത്തിനു ശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക.
 
തിണര്‍പ്പ് (Heat rash)
ചൂടുകാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതാണിത്. കുട്ടികളെ കൂടുതലായി ബാധിക്കുന്നു. കഴുത്തിലും നെഞ്ചിന്റെ മുകള്‍ഭാഗത്തുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അധികം വെയിലേല്‍ക്കാതിരിക്കുക. തിണര്‍പ്പു ബാധിച്ച ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി സംരക്ഷിക്കുക.

 

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം താല്‍കാലികമായി നിരോധിച്ചു. 
  • ധീരജവാന് ആദരാഞ്ജലികളോടെ ജന്മനാട്  ;ഭൗതീക ശരീരം നാളെ നാട്ടിലെത്തിയേക്കും
  • യൂഡിഎഫിലെ കെസി പത്മനാഭന്‍ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ;ഉപതിരഞ്ഞെടുപ്പില്‍ 161 വോട്ടുകള്‍ക്ക് വിജയിച്ചു
  • റോഡില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു
  • ആദിവാസി യുവാവിനെമരിച്ച നിലയില്‍ കണ്ടെത്തി
  • 1.5 കിലോ കഞ്ചാവുമായി  യുവാവ് പിടിയില്‍
  • വസന്തകുമാര്‍ വയനാടിന്റെ ധീരപുത്രന്‍.! ജമ്മു കാശ്മീരില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും 
  • ലോക് സഭ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം
  • സത്യാഗ്രഹ സമരം നടത്തി.
  • വികസനം ഹൃദയത്തില്‍ നിന്നു തുടങ്ങണം: ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show