പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു ഏഴ് പേരെ ഇനിയും കണ്ടെത്തണം
മേപ്പാടി:മേപ്പാടി പുത്തുമല ദുരന്തഭൂമിയില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണ്. ഇന്ന് കാലാവസ്ഥ പ്രതികൂലമാണെങ്കിലും സ്‌പെഷല്‍ ഓഫീസര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളേയും, സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. പോലീസ് നായകളുടെ സേവനം വേണ്ടത്ര വിജയകരമാകാത്തതിനാല്‍ ഈ മേഖലയില്‍ പ്രാഗത്ഭ്യമുള്ള സ്വകാര്യ ഏജന്‍സിയുടെ സഹായവും കേരള ദുരന്ത നിവാരണ അതോറിട്ടി തേടിയിട്ടുണ്ട്. നിലവില്‍ 13 ഹിറ്റാച്ചികളുടെ സഹായത്തോടെ 500 പേരാണ് തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ രാത്രി ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആറ് മണിക്കൂറോളം തുടര്‍ച്ചയായി പരിശ്രമിച്ചതിന്റെ ഫലമായി കലുങ്കുകളിലെയും മറ്റും തടസ്സങ്ങള്‍ മാറ്റി പ്രദേശത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുകിപോകാനുള്ള സംവിധാനമാക്കിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്തസ്ഥലത്തെ മാപ്പ് തയ്യാറാക്കിയശേഷം മൃതദേഹങ്ങള്‍ കണ്ടുകിട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ വൈദഗ്ധ്യമുള്ള കോഴിക്കോട് സ്വദേശി പ്രകാശന്റെ സഹായവും ഭരണകൂടം തേടിയിട്ടുണ്ട്. കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രകാശന്‍ അടയാളപ്പെടുത്തുകയും അതിനനുസരിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലുള്ള പഠനം നടത്തുന്ന ഏജന്‍സികളുടെ സഹായം പ്രതികൂല സാഹചര്യങ്ങളാല്‍ ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിശാലമായ ഏര്യയുള്ളതിനാലും, തുടര്‍ച്ചയായ മഴയും, കൂടാതെ മീറ്ററുകളോളം ഉയരത്തില്‍ ചെളിയും മറ്റ് വസ്തുക്കളും വന്നടിഞ്ഞതിനാലുമാണ് റഡാര്‍ സംവിധാനം വിജയിക്കാത്തത്. ഇടവിട്ട് പെയ്യുന്ന മഴമൂലം ദുരന്തഭൂമിയില്‍ ചെളിയടിഞ്ഞുകൂടുന്നതിനാല്‍ ഹിറ്റാച്ചികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെയേറെ ബുദ്ധിമുട്ട് നേരിടുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുത്തുമലയേയും, ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന റോഡില്‍ ഗതാഗത സൗകര്യം പുനസ്ഥാപിച്ചെങ്കിലും ഈ ഭാഗങ്ങളില്‍ ഹിറ്റാച്ചിയും മറ്റുമുപയോഗിച്ച് തിരച്ചില്‍ നടത്തുന്നതിനാല്‍ ഗതാഗത തടസ്സമുണ്ടാകാനിടയുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍