മരണത്തിനും ജീവിതത്തിനുമിടയില്‍ 9 മണിക്കൂര്‍;നാല് ജീവിതങ്ങള്‍ രക്ഷപ്പെടുത്തിയത് സമയോജിത ഇടപെടല്‍

ബാവലി:ബാവലി തോണിക്കടവില്‍ ഒഴുക്കില്‍പ്പെട്ട നാലു യുവാക്കളെയും രക്ഷപ്പെടുത്തിയത് പ്രദേശവാസികളുടെയും ഫയര്‍ഫോഴ്‌സിന്റേയും സമയോജിത ഇടപെടല്‍. നാലുപേരും മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ ജീവന്‍ പണയം വെച്ചും രംഗത്ത് വന്ന പ്രദേശവാസികളും, പൂര്‍ണ്ണ പിന്തുണയുമായി നിന്ന ഫയര്‍ഫോഴ്‌സും കൈകോര്‍ത്തതോടെയാണ് നാല് ജീവിതങ്ങളും മരണക്കെണിയില്‍ നിന്നും രക്ഷപെട്ടത്. ആദ്യഘട്ടത്തില്‍ തോല്‍പ്പട്ടിസ്വദേശികളായ നൗഷാദ്, സലാം എന്നിവരും, നാലാമത്തെയാളെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചും വഴിയൊരുക്കിയ ഗഫൂറും രക്ഷാപ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖങ്ങളായി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശികളായ രാജു (22) , വിമല്‍ (21) , സുധീഷ് (22), സുരേഷ് ( 22) ഒഴുക്കില്‍ പെട്ടത്. കര്‍ണ്ണാടകയിലെക്ക് ജോലിക്ക് പോവുകയായിരുന്നു ഇവര്‍.ബാവലി പുഴ ഒരു കിലോമീറ്റര്‍ അകലെവച്ച് കക്കേരി പുതിയൂരില്‍ നിന്നും ഗതി മാറി പാല്‍വെളിച്ചം ചേകാടി റോഡിന് മുകളിലുടെ കര കവിഞ്ഞ് ഒഴുകുകയുമായിരുന്നു. ഈ റോഡിലുടെ ഒഴുകുന്ന പുഴയുടെ ശക്തമായ ഒഴുക്ക് കണക്കിലെടുക്കാതെ ചേകാടി ഭാഗത്ത് നിന്നും തോണിക്കടവ് ഭാഗത്തേക്ക് നടന്നു വരുന്നതിനിടയിലാണ് നാലു യുവാക്കളും ഒഴുക്കില്‍പ്പെട്ടത്.
കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ട് മരത്തില്‍ കയറിയിരുന്ന നാലില്‍ മൂന്ന് പേരെ 6 മണിക്കുറിന് ശേഷവും, ഒരാളെ 9 മണിക്കൂറിന്‌ശേഷം ആറര മണിയോടെയുമാണ് ഫയര്‍ഫോഴ്‌സും തോല്‍പ്പെട്ടി തോണിക്കടവ് പ്രദേശത്തെ യുവാക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
സുരേഷ്, വിമല്‍, സുധിഷ് എന്നിവര്‍ ഒരു മരത്തിലും രാജൂ 20 മീറ്റര്‍ അകലെയുള്ള മറ്റൊരുമരത്തിലും പിടിച്ച് രക്ഷപ്പെടുകയായിരുന്നു. രാവിലെ ഒമ്പതര മണിയോടെ ഫയര്‍ഫോഴ്‌സിനെയും അധിക്യതരെയും വിവരംഅറിയിക്കുകയും ചെയ്തു.തുടര്‍ന്ന് എം.എല്‍.എ ഒ ആര്‍ കേളു, തിരുനെല്ലി പഞ്ചായത്ത്പ്രസിഡന്റ് മായാദേവി, മാനന്തവാടി എ എസ് പി വൈഭവ് സക്‌സേന ഐ പി എസ്, തിരുനെല്ലി എസ്.ഐ ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ഒരു ഘട്ടത്തില്‍ വ്യോമസേനയുടെ സഹായം വരെ തേടേണ്ടുന്ന അവസ്ഥ വന്നപ്പോഴും സ്വ ജീവന്‍ പണയപ്പെടുത്തി ഗഫൂറും, നൗഷാദും, സലാമും നടത്തിയ രക്ഷാ പ്രവര്‍ത്തനം വേറിട്ട മാതൃകയായി.കുത്തൊഴുക്കിനെ വകവെക്കാതെ കയറുകള്‍ കൊണ്ട് മരങ്ങളിലൂടെ ബന്ധനം തീര്‍ത്ത് സുരക്ഷയൊരുക്കിയാണ് ആദ്യ മൂന്ന് പേരെയും രക്ഷപ്പെടുത്തിയത്.
എന്നാല്‍ ഇവരില്‍ നിന്നും മാറി അതീവ ഗുരുതര സ്ഥിതി വിശേഷത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കുടുങ്ങി നിന്ന രാജുവിന്റെ ജീവിതം തിരികെ പിടിച്ചത് ഗഫൂറെന്ന പ്രദേശവാസിയുടെ ധൈര്യവും ആത്മാര്‍ത്ഥതയും ഒന്നുകൊണ്ട് മാത്രമാണ്. ഫയര്‍ഫോഴ്‌സ് പോലും ഒരു ഘട്ടത്തില്‍ കയ്യൊഴിയുമെന്ന അവസ്ഥ വന്നപ്പോഴും ധീരനായി നിന്ന് കുത്തൊഴുക്കിനെ മറികടന്ന് ഒരു മരത്തില്‍ കയറി കുടുങ്ങിക്കിടന്ന രാജുവിന് കയറെത്തിച്ച് നല്‍കിയതും, പിന്നീട് അതുവഴി ലൈഫ് ഗാര്‍ഡ് എത്തിച്ചു നല്‍കി സാഹസികമായി രാജുവിനെ രക്ഷിച്ചതും ഗഫൂറെന്ന സാധാരണക്കാരന്റെ ഇടപെടലും, ഫയര്‍ഫോഴ്‌സ് ഗഫൂറിന് നല്‍കിയ പിന്തുണയുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍