ഇതാണ് ജില്ലാ ആശുപത്രി..! ഇതാവണം ജില്ലാ ആശുപത്രി..!! ; ''ഇല്ലാശുപത്രി'' യില്‍ നിന്നും ജില്ലാശുപത്രിയിലേക്കുള്ള പ്രകടമായ മാറ്റത്തിന് സാക്ഷ്യം വഹിച്ച ദിനം
തോല്‍പ്പെട്ടിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇരുപത്തഞ്ചോളംപേരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ട്ടര്‍മാരുടെയും,നെഴ്‌സ്മാരുടേയും മറ്റ് ജീവനക്കാരുടെയും കൈയ് മെയ് മറന്നുള്ള പരിചരണത്തിന് ഇന്ന് ജില്ലാശുപത്രി സാക്ഷ്യം വഹിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന ആശുപത്രിയില്‍ താല്ക്കാലിക സംവിധാനത്തിലാണ് നിലവില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നതെങ്കിലും പരിമിതികള്‍ക്കുളളില്‍ നിന്നും ഏറെ മെച്ചപ്പെട്ട ചികിത്സ തന്നെയാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭിച്ചത്. 25 പേരില്‍ ആകെ രണ്ട് പേരെ മാത്രമേ റഫര്‍ചെയ്തുള്ളുവെന്നത് ആശുപത്രി നിലവാരം വ്യക്തമാക്കുന്നു. അപകടം നടന്ന സ്ഥലത്തും, തുടര്‍ന്ന് യാത്രമധ്യേയും ആശുപത്രി പരിസരത്തും നാട്ടുകാരുടെ ഇടപെടലും സ്തുത്യര്‍ഹമായി.
അപകടം നടന്ന ബസ്സിനുള്ളില്‍ നിന്നും ഏറെ പണിപ്പെട്ടാണ് പ്രദേശവാസികള്‍ പരിക്കേറ്റവരെ മറ്റ് വാഹനങ്ങളില്‍ ജില്ലാ ആശുപത്രിയിലേക്ക് കയറ്റി വിട്ടത.് ജീപ്പുകളിലും മറ്റുമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷിന്റെ നേതൃത്ത്വത്തില്‍ ഡോക്ട്ടര്‍മാരും നഴ്‌സിംഗ് സൂപ്രണ്ട് പി.പി.സിസിലിയുടെ നേതൃത്വത്തില്‍ നഴ്‌സുമാരും മറ്റ് ജീവനക്കാരും കൈമെയ് മറന്ന് ചികിത്സ സൗകര്യം ഒരുക്കുകയായിരുന്നു.9 സ്‌പെഷലിസ്റ്റുകള്‍ അടക്കം 15 ഡോക്ടര്‍മാര്‍,24 ലധികം നേഴ്‌സുമാര്‍,40 ലധികം ജീവനക്കാര്‍ എന്നിവരടങ്ങുന്ന സംഘം കൈ മെയ് മറന്ന് പ്രയത്‌നിക്കുകയായിരുന്നു.
താല്‍ക്കാലികമായി ബെഡുകളൊരുക്കി രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. എക്‌സ് റേ, ഇസിജി, സ്‌കാനിംഗ്,ലാബ്, ഫാര്‍മസി വിഭാഗമെല്ലാം കാര്യക്ഷമമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗംതന്നെ മികച്ച ചികിത്സ ലഭ്യമായി. പലപ്പോഴും അപകടത്തില്‍പ്പെട്ട് വരുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന ചരിത്രമുള്ള ജില്ലാശുപത്രി ഇന്ന് സ്വന്തം കാലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ചയാണുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരെ മാത്രമാണ് റഫര്‍ ചെയ്യേണ്ടി വന്നുള്ളൂവെന്നത് ജില്ലാശുപത്രിയിലെ ചികിത്സാ സൗകര്യത്തിന്റെ പുരോഗതി വെളിപ്പെടുത്തുന്നു.
അപകടവിവരം ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിട്ടയുടന്‍ ഒ.ആര്‍.കേളു എം.എല്‍.എ, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് മറ്റ് ജനപ്രതിനിധികള്‍ എച്ച്.എം.സി.അംഗങ്ങള്‍ എല്ലാം തന്നെ ജില്ലാ ആശുപത്രിയിലെത്തി സൗകര്യങ്ങളൊരുക്കിന്നതില്‍ നേതൃത്വം വഹിച്ചു. കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാമടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും, മാനന്തവാടിയിലെ സമൂഹ്യ പ്രവര്‍ത്തകരും അപകടവിവരമറിഞ്ഞയുടന്‍ ജില്ലാ ആശുപത്രിയില്‍ എത്തുകയും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഒരുകാലത്ത് 'ഇല്ലാശുപത്രിയെന്ന' കെട്ടപേരിനുടമയായ വയനാട് ജില്ലാശുപത്രി എല്ലാ അര്‍ത്ഥത്തിലും പുരോഗതിയുടെ പാതയിലാണെന്ന് വ്യക്തമാക്കുന്ന ഒരു ദിനമാണ് ഇന്ന് കടന്നുപോയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍