തലപ്പുഴയിലെ മാവോയിസ്റ്റ് സാന്നിധ്യം: ഫ്രണ്ട് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തലപ്പുഴ 44 ല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടാവുകയും, പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവ ഗ്രുപ്പായ ഫ്രണ്ട് ഓര്‍ഗനൈസേഷന്‍ അംഗങ്ങളെന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അനില്‍കുമാറിന്റെ മരണത്തില്‍ ആരോപണ വിധേയരെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്.വനിതകള്‍ ഉള്‍പ്പെടെ അഞ്ചംഗ അംഗ സംഘമാണ് പോസ്റ്ററുകള്‍ പതിച്ചത്. ഇതില്‍ ഒരാളുടെ ചിത്രം ഓപ്പണ്‍ ന്യൂസര്‍ പുറത്ത് വിട്ടിരുന്നു.ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലും ദൃക്‌സാക്ഷികളെ കണ്ട് നടത്തിയ തെളിവെടുപ്പിലും പോലീസ് പൊതു സ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള ലുക്ക് ഔട്ട് നോട്ടിസുലുള്ള മാവോയിസ്റ്റ് അംഗങ്ങളല്ലെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു.
അതെ സമയം മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുകയും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ഫ്രണ്ട് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇയാളെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പോലീസ് യു എ പി എ പ്രകാരം കേസേടുത്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റ് വീട് സന്ദര്‍ശിച്ച ശേഷവും, ഈ വിഷയത്തില്‍ സി പി എം തലപുഴയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം നടന്ന് കൊണ്ടിരിക്കുകയുമാണ് പോസ്റ്റര്‍ പതിച്ചതെന്നതും പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അനൂട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റുകളുടെ നീക്കമായാണ് പോലീസ് നീരീക്ഷിക്കുന്നത്. അനുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി പി എമ്മിനെതിരെയും പോലിസിനെതിരെയും വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പോസ്റ്ററുകള്‍ പതിക്കുന്നത് കണ്ട പ്രദേശവാസികള്‍ പോലീസിന് വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍