വയനാടിന് നഷ്ടമായത് പതിറ്റാണ്ടോളം ജില്ലയെ പ്രതിനിധീകരിച്ച എം.പിയെ

എറണാകുളം സ്വദേശിയായ എം.ഐ ഷാനവാസ് തന്റെ പ്രവര്‍ത്തന മണ്ഡലത്തിലെ ഒരു പതിറ്റാണ്ടോളം ചിലവഴിച്ചത് വയനാട്ടില്‍ .2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ജില്ലയില്‍ വേരുറപ്പിച്ച എം ഐ ഷാനവാസിന് പിന്നീടിങ്ങോട്ട് വയനാട് സ്വന്തം നാടായി മാറുകയായിരുന്നു. അഞ്ച് തവണത്തെ തോല്‍വിക്ക് ശേഷം വയനാടന്‍ ജനത അദ്ദേഹത്തിന് ചരിത്ര വിജയം നല്‍കിയാണ് ലോക്‌സഭയിലേക്കയച്ചത്. പിന്നീട് രോഗക്കിടക്കയില്‍ നിന്നും തിരികെ വന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അങ്കംവെട്ടിയപ്പോഴും വയനാട് അദ്ദേഹത്തെ കൈവിട്ടില്ല. അതോടെ തുടര്‍ച്ചയായി 9 വര്‍ഷത്തോളം വയനാടിനെ പ്രതിനിധീകരിച്ചു കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്.
സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അപ്രമാദിത്വ നിലപാടുകളുമായി കെ.കരുണാകരന്‍ കളംനിറഞ്ഞ നാളുകളില്‍ അദ്ദേഹത്തിന്റെ തന്നെ പക്ഷത്തു നിന്ന് പാര്‍ട്ടിയിലെ തിരുത്തല്‍ഘടകമായി നിലകൊണ്ട മൂന്നംഗ സംഘത്തിലൊരാളായിരുന്നു എം.ഐ.ഷാനവാസ്. ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഷാനവാസും ഉയര്‍ത്തിയ ധീരമായ നിലപാടുകള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട ഒരേടാണ്.
മുഖ്യമന്ത്രി കെ.കരുണാകരന്‍ ആശുപത്രിയിലായിരിക്കെ അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടാന്‍ കരുണാകരപക്ഷത്തെ തന്നെ ഒരു വിഭാഗം രംഗത്തു വന്നതാണ് 'തിരുത്തല്‍വാദികള്‍' എന്നു പിന്നീട് മാധ്യമങ്ങള്‍ വിളിച്ച ഈ മൂന്നംഗസംഘത്തിന്റെ നിലപാടുതറയായത്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരസമാധാനം തകര്‍ക്കാന്‍ അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടുന്ന രീതി കാരണമായെന്നാണ് തിരുത്തല്‍വാദികള്‍ ആരോപിച്ചത്. അനന്തരാവകാശിയായി ആരെയാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നതിന് വ്യക്തമായ സൂചനകള്‍ നല്‍കാതെ തന്നെ സംഘടനയിലെയും സര്‍ക്കാരിലെയും തെറ്റുതിരുത്താന്‍ മാത്രമാണ് ഉദ്ദേശമെന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. ഒരുവേള കരുണാകരന്റെ എതിര്‍പക്ഷത്തേക്കു ചേക്കേറാനുളള നീക്കമായി ഇതി വിലയിരുത്തപ്പെട്ടെങ്കിലും നേതൃത്വം തെറ്റു തിരുത്തി മുന്നോട്ടു പോകേണ്ട സാഹചര്യം ശക്തമായി തന്നെ ഉയര്‍ത്തിക്കാട്ടാന്‍ ഷാനവാസും കാര്‍ത്തികേയനും രമേശും അടങ്ങിയ സംഘത്തിനായി.
രോഗക്കിടക്കയില്‍ നിന്ന് വീണ്ടും ലോക്‌സഭയില്‍
കഠിനപരീക്ഷണങ്ങള്‍ കളം നിറഞ്ഞാടുകയായിരുന്നു എം.ഐ. ഷാനവാസിന്റെ ജീവിതത്തില്‍. തിരഞ്ഞെടുപ്പു തോല്‍വികളും രോഗവുമൊക്കെ വീഴ്ത്താന്‍ നോക്കിയെങ്കിലും അന്നൊക്കെ അദ്ദേഹം പൊരുതിക്കയറി. മരണം കാത്തിരുന്ന ആശുപത്രിക്കിടക്കയില്‍നിന്ന് ധൈര്യപൂര്‍വം ജീവിതത്തിലേക്കദ്ദേഹം തിരിച്ചുവന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ നാവായിരുന്ന ഷാനവാസിനെ 2010ല്‍ ഒരു ദിവസം പെട്ടെന്നു കാണാതായി. മാരക രോഗം ബാധിച്ചു ചികില്‍സയിലാണെന്ന് പിന്നീട് അറിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കരുതിയെങ്കിലും മരണത്തെ തോല്‍പ്പിച്ച് വിജയശ്രീലാളിതനായി അദ്ദേഹം എത്തി.
2010ലെ റമസാന്‍ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്‌ക്കൊടുവില്‍ വയറിലെ ബെല്‍ ഡെക്ടില്‍ തടസ്സമുണ്ടെന്നും പാന്‍ക്രിയാസിന്റെ പുറംഭിത്തിയില്‍ വളര്‍ച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്‌നമുള്ളതായി കണ്ടത്. തുടര്‍ന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളില്‍ അര്‍ബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അര്‍ബുദമില്ലെന്ന ആശ്വാസ വാര്‍ത്തയെത്തി. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെ ചികില്‍സയ്‌ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടര്‍ന്ന് 2014 ലെ തിരഞ്ഞെടുപ്പില്‍ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പിച്ചാണ് തുടര്‍ച്ചയായി രണ്ടാമതും ലോക്‌സഭയിലെത്തിയത്.
തോല്‍വിയെ റെക്കോര്‍ഡ് കൊണ്ടു മറികടന്ന ചരിത്രം
തോല്‍വിയുടെ പഴയ ചരിത്രത്തെ 2009ല്‍ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. 1993 ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി അന്നു ഷാനവാസ് തിരുത്തിയത്. അദ്ദേഹത്തിന് 4,10,703 വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ സിപിഐയിലെ എതിര്‍സ്ഥാനാര്‍ഥി എം.റഹ്മത്തുല്ലയ്ക്ക് നേടാന്‍ കഴിഞ്ഞത് 2,57,264 വോട്ടുകള്‍ മാത്രം. അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എന്‍സിപിയുടെ കെ.മുരളീധരന്‍ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.
അഞ്ചു തവണത്തെ തോല്‍വിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. 1987 ലും 1991 ലും വടക്കേക്കരയില്‍നിന്നും 1996 ല്‍ പട്ടാമ്പിയില്‍നിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിന്‍കീഴില്‍നിന്ന് ലോക്‌സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. ദീര്‍ഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് 2009 ല്‍ ഉറച്ച ഒരു മണ്ഡലം പാര്‍ട്ടി നല്‍കുകയായിരുന്നു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എന്‍സിപിയുടെ സ്ഥാനാര്‍ഥിയായി കെ. മുരളീധരന്‍ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍!. എന്നാല്‍ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വന്‍ ഭൂരിപക്ഷം നേടിയത്.
കടപ്പാട് :മനോരമ ഓണ്‍ലൈന്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍