ഇരുപത്തി രണ്ടോളം കുട്ടികളെ പീഡിപ്പിച്ച രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍; അധ്യാപകരില്‍ ഒരാള്‍ വയനാട് സ്വദേശി

കൂത്തുപറമ്പ്:കണ്ണൂര്‍ കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ വയനാട് സ്വദേശിയുള്‍പ്പെടെ രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍.വയനാട് കെല്ലൂര്‍ നാലാംമൈലിലെ ടി.അബ്ദുനാസര്‍ മൗലവി (48),കോഴിക്കോട് കൊടുവള്ളി കൊടുവന്‍മുഴിയില്‍ എരിഞ്ഞിക്കോത്തെ കെ.കെ.അബ്ദുള്‍ റഹ്മാന്‍ മൗലവി (44), എന്നിവരെയാണ് കണ്ണവം എസ്‌ഐ കെ.വി.ഗണേഷും സംഘവും അറസ്റ്റു ചെയ്തത്.ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് ചേര്‍ത്ത് ഇരുപത്തിരണ്ട് കേസുകളാണ് നിലവില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പത്ത് വയസിനു താഴെയുള്ള ഇരുപത്തി രണ്ടോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പീഡനത്തിന് ഇരയായതെന്നാണ് പരാതി. എന്നാല്‍ പീഡിപ്പിക്കപ്പെട്ടതായുള്ള പരാതിയുമായി ഇനിയും വിദ്യാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് സൂചന.
പോലീസ് ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തി വരുന്നുണ്ട്.രണ്ടു വര്‍ഷത്തോളമായി ഇരുവരും ഇവിടെ മദ്രസാ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. തലശേരി എഎസ്പി ചൈത്രതെരേസ ജോണിന്റെ നിര്‍ദ്ദേശകാരം പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടാനായത്. പീഡിപ്പിക്കപ്പെട്ട കാര്യം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ട് പോലീസില്‍ അറിയിച്ചതോടെയാണ് നടപടികള്‍ക്ക് തുടക്കമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍