ഓപ്പണ്‍ ന്യൂസര്‍ ബിഗ് ഇംപാക്ട്: വിദ്യാര്‍ത്ഥിനികളോട് ജാതീയ വേര്‍തിരിവെന്ന പരാതി ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റി

ആദിവാസി വിദ്യാര്‍ത്ഥിനികളെ മാനസികമായി പീഡിപ്പിച്ചതായും, ജാതീയ വേര്‍തിരിവ് നടത്തിയതായും ആരോപണവിധേയയായ തൃശിലേരി ട്രൈബല്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ എംവി വീണയെ വാര്‍ഡന്‍ സ്ഥാനത്തു നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ ഉത്തരവായി. മാനന്തവാടി ടിഡിഓ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ഓപ്പണ്‍ന്യൂസര്‍ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഹോസ്റ്റലിലെത്തി അന്തേവാസികളായ വിദ്യാത്ഥിനികളുമായി സംസാരിച്ചതിന്റേയും, കൂടാതെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റേയും അടിസ്ഥാനത്തിലാണ് തീരുമാനം. മാനന്തവാടി ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റലിലെ വാര്‍ഡനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.
തൃശ്ശിലേരി:ഉയര്‍ന്ന ജാതിക്കാരിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ജാതീയ വേര്‍തിരിവ് കാണിക്കുന്നതായും, അയിത്തം പ്രകടിപ്പിക്കുന്നതായും കാണിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തവന്നത്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനകളാണ് മാനസിക പീഢനം സഹിക്കവയ്യാതെ പരാതിയുമായി രംഗത്ത് വന്നത്. കുട്ടികളോട് സംസാരിക്കാറില്ലാത്ത വാര്‍ഡന്‍ ഹോസ്റ്റലില്‍ നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കില്ലെന്നും തങ്ങളെ കാണുമ്പോള്‍ തന്നെ ദേഹത്ത് തൊട്ടാല്‍ അശുദ്ധമാകുമെന്ന ഭയംമൂലം മാറി നില്‍ക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത് ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയാക്കിയിരുന്നു.
തൃശിലേരി സ്വദേശിനിയായ വീണ എന്ന ഹോസ്റ്റല്‍ വാര്‍ഡനെതിരെയാണ് തൃശിലേരി െ്രെടബല്‍ ഹോസ്റ്റലിലെ 72 വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞയാഴ്ച ടിഡിഓ യ്ക്ക് പരാതി നല്‍കിയിരുന്നത്. വാര്‍ഡന്‍ ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന വ്യക്തിയാണെന്നും ആദിവാസി വിഭാഗത്തില്‍പ്പെട്ട തങ്ങളോട് അതുകൊണ്ടാണ് വാര്‍ഡന്‍ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. വാര്‍ഡന്റെ മാനസിക പീഢനം ഇനി ഒരു ദിവസം കൂടി സഹിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഉടന്‍ നടപടി ആവശ്യമാണെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. പ്രസ്തുത സംഭവം ഓപ്പണ്‍ ന്യൂസര്‍ ഇന്നലെ രാത്രി വാര്‍ത്തയാക്കിയതോടെ വന്‍പ്രതിഷേധവുമായി പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. ഇന്ന് രാവിലെ മാനന്തവാടി എംഎല്‍എ ഓ ആര്‍ കേളു ഹോസ്റ്റല്‍ സന്ദര്‍ശിക്കുകയും കുട്ടികളോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണം നടത്താനും, ആരോപണവിധേയക്കെതിരെ നടപടികള്‍ സ്വീകരിക്കാനും എംഎല്‍എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് രാവിലെ ഒമ്പതരയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും വാര്‍ഡനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസറ്റലിലെത്തുമ്പോള്‍ കാണപ്പെട്ട അഞ്ചോളം അസുഖ ബാധിതരായ കുട്ടികളെ െ്രെടബല്‍ പ്രമോട്ടറുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കെഎസ് യു പ്രവര്‍ത്തകര്‍ മാനന്തവാടി െ്രെടബല്‍ ഓഫീസ് ഉപരോധിക്കുകയും വാര്‍ഡനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെടുകയും ചെയ്തു. നടപടിയെടുക്കാത്ത പക്ഷം പൂര്‍ണ്ണ ഉപരോധസമരത്തിലേക്ക് കടക്കുമെന്നും കെഎസ് യു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജില്ലാ കളക്ടര്‍ അജയകുമാര്‍ വിഷയത്തിലിടപെടുകയും പരാതിയുടെ നിചസ്ഥിതിയെപറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്ബ് കളക്ടറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്ന് രാത്രിയോ നാളെ രാവിലെയോ സബ്ബ് കളക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി ടിഡിഓ പ്രമോദ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍ര് മായാ ദേവി, വാര്‍ഡ് മെമ്പര്‍മാരായ രാമചന്ദ്രന്‍, വിഷ്ണു, സാലി തുടങ്ങിയവര്‍ ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയയായ വാര്‍ഡനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി നിര്‍ത്താന്‍ ടിഡിഓ ഉത്തരവിടുകയുമായിരുന്നു. മാനന്തവാടി ഗേള്‍സ് ഹോസ്റ്റല്‍ വാര്‍ഡനായിരിക്കും ഇനി താല്‍ക്കാലിക ചുമതല.
പുതുതായി ജേലിയില്‍ പ്രവേശിച്ച വ്യക്തിയായതുകൊണ്ടുള്ള പരിചയക്കുറവ് മൂലവും, വാര്‍ഡന്‍ ജോലിയോടുള്ള താല്‍പ്പര്യകുറവുമാണ് ആരോപണങ്ങള്‍ക്ക് പശ്ചാത്തലമായതെന്നും, ജാതീയ വേര്‍തിരിവ് കാണിച്ചതായി ബോധ്യപ്പെട്ടിട്ടില്ലെന്നും ടിഡിഓ പ്രമോദ് അറിയിച്ചു. പരാതി കിട്ടിയ ഉടന്‍തന്നെ തങ്ങള്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നതായും വാര്‍ഡനോട് കുട്ടികളുടെ പരാതിയെപ്പറ്റി സൂചിപ്പിച്ചതായും അവരുടെ തെറ്റുകല്‍ ബോധ്യപ്പെടുത്തിയിരുന്നതായും ടിഡിഓ വ്യക്തമാക്കി. അതിന്‍രെ അടിസ്ഥാനത്തില്‍ വാര്‍ഡന്റെ പെരുമാറ്റത്തില്‍ തൃപ്തികരമായ മാറ്റങ്ങള്‍ വന്നിരുന്നതായും ടിഡിഓ സൂചിപ്പിച്ചു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അവരെ താല്‍ക്കാലികമായി മാറ്റിനര്‍്തതുകയാണെന്നും അദ്ധേഹം പറഞ്ഞു.
എന്ത് തന്നെയായാലും വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം മാനസിക പീഢനത്തിന് വിധേയമായതായി പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ ഓപ്പണ്‍ ന്യൂസര്‍ നല്‍കിയ വാര്‍ത്ത പൊതുസമൂഹം ഏറ്റെടുക്കുകയും, അത് വഴി ആരോപണവിധേയക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത് ഏറെ അഭിമാനാര്‍ഹവും, സന്തോഷകരവുമാണ്.
റിപ്പോര്‍ട്ട്‌സജയന്‍ കെഎസ്
കുട്ടികളുടെ പരാതിയുടെ പൂര്‍ണ്ണരൂപം :
ബഹുമാനപ്പെട്ട സാര്‍ അറിയുന്നതിന്,
തൃശിലേരി ഹോസ്റ്റല്‍ അന്തേവാസികള്‍ എഴുതുന്നു. സ്‌ക്കൂള്‍ തുറന്നതില്‍ പിന്നെ ഞങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ പലതും ഇതുവരെ ലഭിച്ചിട്ടില്ല. രാവിലെ വരികയും വൈകുന്നേരം അഞ്ച് മണിയോടെ തിരിച്ച് പോകുകകയും ചെയ്യുകയാണ് ഇവിടുത്തെ വാര്‍ഡന്റെ ജോലി. ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേക്ഷിക്കുകയോ സുഖമില്ലായമയെ കുറിച്ച് ചോദിക്കുകയോ ചെയ്യാറില്ല. രക്ഷിതാക്കളോടെ പത്ത് മിനിട്ടില്‍ കൂടുതല്‍ സംസാരിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പിലാക്കി. ഇതു ഞങ്ങളെ മാനസികമായി തളര്‍ത്തി. ഇതുകൂടാതെ ഇനിയും പുതിയ നിയമങ്ങള്‍ നടപ്പിലാക്കും എന്നാണ് വാര്‍ഡന്റെ പ്രതികരണം.
അവധി ദിവസങ്ങളായ ശനി,ഞായര്‍ ദിവസങ്ങളില്‍ പുറത്തിറങ്ങാനോ ശുദ്ധവായു ശ്വസിക്കാനായുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കില്ല. അതു കൂടാതെ തന്നെ ഒരു ആശ്വാസമായിരുന്ന ടിവി പോലും നന്നാക്കി തരില്ല. ഒരുതരം ഭയാനകമായ അവസ്ഥയാണ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ശുശ്രൂഷിക്കുന്നതും ആയമ്മയാണ്. ഞങ്ങള്‍ക്ക് ആകെയുള്ള ആശ്വാസം ആയമ്മയും കുക്കുമാണ്. ഞങ്ങളുടെ റൂമിലേക്ക് വരികയോ ഞങ്ങളോട് സ്‌നേഹത്തോടെ രണ്ട് വാക്ക് സംസാരിക്കുകയോ ചെയ്യാറില്ല. ഞങ്ങള്‍ ആദിവാസികള്‍ അവഗണന ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
ഞങ്ങള്‍ സ്‌നേഹത്തോടെ അടുത്തേക്ക് ചെന്നാല്‍ വെറുപ്പോടെ ഞങ്ങളെ അകറ്റി നിര്‍ത്തും. ഇത് വല്ലാത്തൊരു മാനസിക അവസ്ഥയാണ്. പിഎസ് സി എഴുതി കിട്ടിയ ജോലിയാണെന്ന് കരുതി ഞങ്ങളെ താഴ്ത്തികെട്ടുന്നത് ശരിയല്ല. ഞങ്ങളോട് വിവേചനപരമായ രീതിയിലാണ് വാര്‍ഡന്‍ പെരുമാറുന്നത്. ഇങ്ങനെയുള്ളൊരു വാര്‍ഡനയല്ല ഞങ്ങള്‍ക്ക് വേണ്ടത്. വീട്ടിലെ കുറവ് നികത്തുന്ന സ്‌നേഹമുള്ള ഒരു നല്ല വാര്‍ഡനെയാണ് ഞങ്ങള്‍ക്ക് ആവശ്യം. മുന്‍ വാര്‍ഡന്‍ ഞങ്ങളുടെ കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്നു. നല്ല സ്‌നേഹപരമായ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അതേ വാര്‍ഡന്റെ സ്‌നേഹമാണ് ഞങ്ങള്‍ക്ക് ആവശ്യം. ഞങ്ങള്‍ക്ക് ഈ ടീച്ചറെ വേണ്ട. എത്രയും പെട്ടെന്ന് ഈ മാനസിക പീഡനത്തില്‍ നിന്നും രക്ഷിക്കണം.ഒരു ദിവസം പോലു ംഈ വാര്‍ഡന്റെ ഒപ്പം ചിലവഴിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. കാരണം ആദിവാസിയെന്ന അവഗണനയും,വെറുപ്പും ടീച്ചറില്‍ നിന്നും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്.
ഈ മാനസിക പീഢനത്തിന് രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഞങ്ങള്‍ ഈ പരാതി ബഹുമാനപ്പെട്ട കളക്ടര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി തുടങ്ങിയ എല്ലാവര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യുന്നതാണ്. എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍