റെയിഞ്ച് ഓഫീസറിനും സസ്‌പെന്‍ഷന്‍

സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലയത്ത് റെയിഞ്ചിന്റെ പരിധിയിലുള്ള പാമ്പ്ര കോഫീ പ്ലാന്റേഷനില്‍ നിന്നും, സര്‍ക്കാര്‍ നിക്ഷിപ്ത വനത്തില്‍ നിന്നും നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയ വനപാലകരെ സസ്‌പെന്റ് ചെയ്തതിനോടൊപ്പം ചെതലയം റെയിഞ്ച് ഓഫീസര്‍ സജികുമാര്‍ രയരോത്തിനേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പികെ കേശവനാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.സൗത്ത് വയനാട് വനം ഡിവിഷനില്‍ ചെതലത്ത് റെയിഞ്ചിന്റെ പരിധിയിലുള്ള പാമ്പ്ര കോഫീ പ്ലാന്റേഷനില്‍ നിന്നും, സര്‍ക്കാര്‍ നിക്ഷിപ്ത വനത്തില്‍ നിന്നും നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് വനപാലകര്‍ ഗുരുതര കൃത്യവിലോപം നടത്തിയെന്ന വിജിലന്‍സ് ആന്റ് ഫോറസറ്റ് ഇന്റലിജന്റ്‌സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും, കോഴിക്കോട് റീജിയണല്‍ നോര്‍ത്ത് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണസര്‍വേറ്ററുടേയും കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ അമിത് മല്ലിക ഐഎഫ്എസ് ആറ് വനപാലകര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
ചെതലയം റെയിഞ്ച് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ പി സലീം, ഇരുളം ഫോറസ്റ്റ് സ്‌റ്റേഷിനിലെ ഡെപ്യൂട്ടി റെയിഞ്ചര്‍ എന്‍ ആര്‍ രമേശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇഎം സുരേഷ് ബാബു, പാമ്പ്ര ഔട്‌പോസ്റ്റിലെ ബിഎഫ്ഓ മാരായ കെഎം ഷിനോജ്, കെ അനൂപ് കുമാര്‍, കെവി മനോജ് എന്നിവരെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ഡോ അമിത് മല്ലിക് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്ക് പുറമെയാണ് റെയിഞ്ച് ഓഫീസര്‍ സജികുമാറിനേയും സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവ് വന്നത്.
പാമ്പ്രയില്‍ നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വനംവകുപ്പ് കൂടുതല്‍ ആന്വേഷണവും പരിശോധനയും ഊര്‍ജ്ജിതമാക്കിയിരുന്നു. സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും 160 ല്‍ പരം മരങ്ങള്‍ മുറിച്ചു നീക്കിയതായും, കൂടാതെ പാമ്പ്ര പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും 177 ലധികം മരങ്ങള്‍ മുറിച്ചതായും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫല്‍യിംഗ് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണത്തിനായി ഇരുളം ഫോറസ്റ്റ് കൈമാറിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാസമയം തുടര്‍നപടപടികള്‍ സ്വീകരിക്കാതിരുന്നത് മൂലമാണ് ഇത്രയും വ്യാപകമായി രീതിയില്‍ മരംമുറി വ്യാപിക്കാനിട വന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.ബന്ധപ്പെട്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മനപൂര്‍വ്വമായ വീഴ്ചയും, ഗുരുതരമായ കൃത്യവിലോപവും, സര്‍ക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കുന്നതിലുണ്ടായ പരാജയവുമാണ് നടപടിയിലേക്കെത്തിച്ചത്.മരം മുറിച്ചതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ്‌റ്റേറ്റ് മാനേജര്‍ സിജോ മാത്യു, തൊഴിലാളികളായ കബീര്‍, മോഹനന്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍