സമരത്തിന് വിരാമമിട്ട് സി.പി.ഐ.എം;കുറുവാ മാര്‍ച്ചില്‍ ജനരോഷമിരമ്പി

കുറുവ ദ്വീപില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി എംഎല്‍എ ഓആര്‍ കേളുവിന്റെ നേതൃത്വത്തില്‍ സിപിഐഎം നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായി ഇന്ന് കുറുവയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയിടപെട്ട് വനംവകുപ്പ്, ടൂറിസം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിവാദ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രസ്താവിച്ചു. കുറുവയിലേക്ക് നടന്ന മാര്‍ച്ച് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പോലീസ് വലയം അവഗണിച്ച് ചിലപ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിച്ചതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നുംതന്നെ ഉണ്ടായില്ല.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുറുവാ ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് ആരംഭിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കുറുവയിലെത്തിയിരുന്നു. കുറുവയിലെ പ്രധാന പ്രവേശനകവാടത്തിന് മുന്‍വശത്ത് വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് ഉള്ളില്‍ക്കയറാന്‍ ശ്രമിച്ചൂവെങ്കിലും നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ കവാടത്തിന്റെ പിന്‍ഭാഗത്തുകൂടിയും മറ്റും നൂറോളം പ്രവര്‍ത്തകര്‍ അകത്ത് പ്രവേശിക്കുകയും ചെങ്ങാടത്തില്‍ കയറി നിയമലംഘന സമരം നടത്തുകയും ചെയ്തു.
മാനന്തവാടി എംഎല്‍എ ഓആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. ജില്ലയുടെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിനെ തകര്‍ക്കുന്ന നിലപാടാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥരും, ചില രാഷ്ട്രീയ പ്രവര്‍ത്തകരും സ്വീകരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശനം നടത്തിവന്നിരുന്ന കുറുവയില്‍ യാതൊരും ശസ്ത്രീയ പഠനവും നടത്താതെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സിപിഎം പ്രത്യക്ഷസമരവുമായി രംഗത്ത് വന്നത്. സമരത്തെ തുടര്‍ന്ന് 200 പേര്‍ക്ക് പ്രവേശനമെന്നത് 1050 ലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നുമുതല്‍ 1050 പേര്‍ക്ക് കുറവയില്‍ സന്ദര്‍ശിക്കാമെന്നത് സമരവിജയത്തിന്റെ ഭാഗമാണ്. ഒരാളെപോലും അധികം കടത്തിവിടാന്‍പറ്റില്ലെന്ന് വാശിപിടിച്ച വനംവകുപ്പിന് ഇപ്പോള്‍ 1050 പേരെ കടത്തിവിടാമെന്നായി. ഇനിയും അത് വര്‍ധിപ്പിക്കുമെന്നുറപ്പാണ്. അതുകൊണ്ട് സിപിഎമ്മിന്റെ സമരത്തെ കളിയാക്കുന്നവര്‍ ഇത്തരംകാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സിപിഐയിലെ മാനന്തവാടിയിലെ നേതൃത്വത്തെ കടന്നാക്രമിച്ചാണ് സംസാരിച്ചത്. റീയല്‍ എസ്‌റ്റേറ്റ് ലോബികളും, കച്ചവടക്കാരുമായ ചിലരുടെ താല്‍പ്പര്യമാണ് കുറുവയെ നശിപ്പിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. സിപിഎം സമരം തുടങ്ങുമ്പോഴേക്കും പത്രസമ്മേളനവുമായി വരുന്നത് അത്തരക്കാരാണ്. കൂടാതെ സിപിഎം സമരത്തെ ആഭാസ സമരമെന്ന് വിളിച്ചാക്ഷേപിച്ച മുന്‍ മന്ത്രി പികെ ജയലക്ഷ്മിയേയും ഗഗാറിന്‍ വിമര്‍ശിച്ചു.
സമരത്തിന്റെ തീവ്രതയും, ഉന്നയിക്കുന്ന ആവശ്യങ്ങളും പരിഗണിച്ച മുഖ്യമന്ത്രി എത്രയും വേഗംതന്നെ വനംവകുപ്പ്, ടൂറിസം വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ കാണുമെന്ന ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി അദ്ധേഹം പ്രസ്താവിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ കമ്മിറ്റി ഭാരവാഹികളും, വര്‍ഗ ബഹുജനയുവജന സംഘടനാ നേതാക്കളും സമരത്തില്‍ അണിനിരന്നിരുന്നു. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി, മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പളനി, ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരടക്കം വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍