എരിയുന്ന എരുമത്തെരുവ്..!

മാനന്തവാടിയുടെ സാംസ്‌കാരിക പൈതൃക തെരുവായിരുന്ന എരുമത്തെരുവ് ഇന്ന് അസ്വാരസ്യങ്ങളുടേയും, തമ്മില്‍ തല്ലിന്റേയും ഭൂമികയായി മാറുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സാമുദായിക ഭ്രഷ്ടിന്റെ പേരില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഇവിടം ഇപ്പോള്‍ സംഘര്‍ഷങ്ങളുടെ മേഖലകൂടിയായി മാറിയിരിക്കുകയാണ്. ഇരുവിഭാഗങ്ങളില്‍ തമ്മിലുണ്ടായിരുന്ന ഭിന്നത കഴിഞ്ഞദിവസങ്ങളിലായി തെരുവിലേക്കെത്തിയിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി യാദവ കുടംബാഗംങ്ങള്‍ ചേരിതിരിയുമ്പോള്‍ മാനന്തവാടി ഏറെ വേദനയോടെയാണ് ഈ പേക്കൂത്തുകള്‍ കണ്ട് നില്‍ക്കുന്നത്.
2012 ലെ ഒരു പ്രണയവിവാഹമാണ് യാദവര്‍ക്കിടയിലെ വിള്ളലുകള്‍ക്ക് തുടക്കമായി ഭവിച്ചത്. എരുമത്തെരുവ് സ്വദേശിനിയായ സുകന്യ തന്റെ വരനായി ഇതര സമുദായത്തിലെ അരുണിനെ തിരഞ്ഞെടുത്തതോടെയാണ് സാമുദായിക വേലിക്കെട്ടുകളുമായി യാദവ സമുദായ നേതൃത്വം രംഗത്ത് വന്നത്. എന്നാല്‍ ആരംഭഘട്ടത്തില്‍ സമുദായത്തിന്റെ ആഭ്യന്തരവിഷയമായി മാത്രം ഒതുങ്ങിയിരുന്ന വിഷയം പിന്നീട് മാധ്യമശ്രദ്ധയിലേക്ക് വരികയും ദേശീയ തലത്തില്‍ വരെ ചര്‍ച്ചാ വിഷയമാവുകയുമായിരുന്നു. ഒരുതരത്തിലും വിവാദങ്ങള്‍ക്കിടയാകാതെ തങ്ങളുടെയുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതായിരുന്ന ഒരു വിഷയം പൊതുജന ശ്രദ്ധ നേടിയതോടെ സാമുദായിക നേതൃത്വത്തിന് അപമാനഭാരം അസഹനീയമാവുകയായിരുന്നു. അതോടെ സമുദായത്തിന്റെ ചിട്ടകളും, ആചാരനുഷ്ടാനങ്ങളും കടുകിട വ്യതിചലിപ്പിക്കില്ലെന്ന ഉറച്ച തീരുമാനവുമായി നേതാക്കള്‍ നിലയുറപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഇക്കാര്യമെത്തിക്കാന്‍ അരുണ്‍സുകന്യ ദമ്പതികള്‍ക്കായി. ഊരുവിലക്കെന്ന ചങ്ങലക്കെട്ട് ഭേദിക്കുന്നതുവരെ ഏതറ്റം വരെയും പോരാടുമെന്ന് ദമ്പതികള്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി സുകന്യയുടെ മാതാപിതാക്കളും അടുത്ത ചില ബന്ധുക്കളും നിയമപരമായും അല്ലാതെയുമുള്ള കരുക്കള്‍ നീക്കി. എന്നാല്‍ ഇതൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇരുകൂട്ടരും തമ്മിലുള്ള വിള്ളല്‍ മറനീക്കി പുറത്തുവരികയും തെരുവു യുദ്ധത്തിലേക്ക് വരെ കാര്യങ്ങളെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങള്‍:
മാര്‍ച്ച് 27 ന് യാദവ സമുദായ നേതൃത്വം തങ്ങളെ മര്‍ദ്ദിച്ചതായുള്ള ആരോപണവുമായി സുകന്യയുടെ പിതാവ് ഗോവിന്ദരാജ്, ഭര്‍ത്താവ് അരുണ്‍, സുഹൃത്തുക്കളായ അസീസ്, അനീഷ് എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ സമുദായ നേതൃത്വം ഇത് പൂര്‍ണ്ണമായി നിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഗോവിന്ദരാജും സംഘവും യാദവ സമുദായ നേതൃത്വത്തെ തെരുവില്‍ വെച്ച് ആക്രമിച്ചതായുള്ള ആരോപണവുമായി ഷൈജു മോഹന്‍, എംവിജി രമേശന്‍ എന്നിവര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഇതില്‍ ഷൈജു മോഹന്റെ തലയ്ക്ക് മാരക മുറിവേറ്റിട്ടുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍്ജജായി മടങ്ങുന്ന വഴി യാദവ നേതൃത്വം തങ്ങളെ വീണ്ടും ആക്രമിക്കുകയായിരുന്നൂവെന്ന് ഗോവിന്ദരാജും സംഘവും പറയുന്നു. ഇതിനെ തുടര്‍ന്ന് പരുക്കുകളോടെ ഗോവിന്ദരാജ്, അരുണ്‍ പ്രസാദ് , അനീഷ് എന്നിവരും ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഇരുവിഭാഗവും ആശുപത്രിയില്‍ എത്തിയതോടെ
അനുയായികള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ പോലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും തുരത്തുകയായിരുന്നു.
പരാതികളും കേസുകളും :
മാര്‍ച്ച് 27ലെ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഗോവിന്ദരാജ്, അരുണ്‍, അനീഷ്, അസീസ് കൊടക്കാട്ട് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഷേക് എംആര്‍, മിഥുന്‍ വിഎസ്, എംജി സജിത്ത് എന്നവര്‍ക്കെതിരെയും കണ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇന്നലെ നടന്ന സംഘട്ടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടാലറിയുന്ന അമ്പതോളം പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ നിലവില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ രാത്രിയോടെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
സോഷ്യല്‍ മീഡിയയിലും കൊലവിളി:
ഇരു വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഫെയ്‌സ് ബുക്ക് വഴിയും ഏറ്റുമുട്ടുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന യാദവ സമുദായത്തിന്റെ യൂത്ത് ക്യാമ്പുമായി ബന്ധപ്പെട്ട് സുകന്യയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. തുടര്‍ന്ന് ഇവരുടെ സുഹൃത്തും സമുദായ അംഗമല്ലാത്തതുമായ അനീഷ് എന്ന വ്യക്തി തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍കൂടി എരുമത്തെരുവ് നിവാസികളെ സഭ്യമല്ലാത്ത രീതിയില്‍ അഭിസംബോധന ചെയ്തതായി പരാതിയുണ്ട്. യാദവ സമുദായത്തിനിടയില്‍ നടക്കുന്ന വിവാദങ്ങളില്‍ പുറത്തുനിന്നുള്ള ഒരാള്‍ മോശമായി പ്രതികരിച്ചതിനെതിരെ സമുദായംഗങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതെന്ന് വേണം അനുമാനിക്കാന്‍.
എന്തുതന്നെയായാലും അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു സംസ്‌കൃതിയുടെ കാവലാളുകളായി അവശേഷിക്കുന്ന യാവദസമുദായ കുടുംബാംഗങ്ങള്‍ പരസ്പരം വിഴുപ്പടക്കി തെരുവില്‍ തല്ലുന്നത് കാണാന്‍ മാനന്തവാടിയുടെ പൊതുസമൂഹം ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. വിശ്വാസങ്ങളിലും, ബന്ധങ്ങളിലുമേറ്റ മുറിവുകള്‍ വ്രണമാകുന്നതിന് മുമ്പ് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രിയ യാദവര്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം
റിപ്പോര്‍ട്ട് കെഎസ് സജയന്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍