ബ്ലാക്ക് സ്റ്റിക്കര്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: അനാവശ്യ ഭീതി പരത്തിയാല്‍ അകത്താകും

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക് സ്റ്റിക്കര്‍ സംഭവങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ അനാവശ്യഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറെടുക്കുന്നു. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമൂഹ മാദ്ധ്യമങ്ങള്‍ നിരീക്ഷിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടാനുള്ള പൊലീസിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്നുമുതല്‍ സമൂഹമാദ്ധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ പൊലീസ് ഹൈടെക്ക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയതായി ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളാക്ക് സ്റ്റിക്കര്‍ പതിക്കുകയും ചില അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് കവര്‍ച്ചക്കാരും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമാണെന്ന വിധത്തില്‍ വ്യാപകമായ പ്രചാരണമുണ്ടായി.
വീടുകളിലെ ജനാലകളിലും ഫ്‌ലാറ്റുകളിലും ബഹുനിലകെട്ടിടങ്ങളിലും മുകള്‍ നിലകളിലുമാണ് ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള സ്റ്റിക്കറുകള്‍ ചതുരാകൃതിയിലും ഡയമണ്ട് ആകൃതിയിലും പതിക്കുകയും മതിലുകളും മറ്റും അടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തത്. ഇതില്‍ പലതും ജനല്‍ ഗ്‌ളാസുകള്‍ കൂട്ടിമുട്ടി പൊട്ടാതിരിക്കാന്‍ പതിച്ചതാണെന്ന് സ്ഥിരീകരിക്കുകയും മതിലിലെ അടയാളങ്ങള്‍ ടെലിഫോണ്‍ കമ്പനികളുടെ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നവരും രേഖപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതല്ലാതെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടസ്ഥലങ്ങളില്‍ ഒരിടത്തുനിന്നും ഇതിന് തെളിവേകാന്‍ കഴിയുന്ന സിസി ടിവി ദൃശ്യങ്ങളോ സംശയിക്കത്തക്ക മറ്റ് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. മാത്രമല്ല ഇത്തരം അടയാളങ്ങള്‍ കാണപ്പെട്ട സ്ഥലങ്ങളിലെങ്ങും കവര്‍ച്ചയോ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നിട്ടും സമൂഹ മാദ്ധ്യമങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നിറം പിടിപ്പിച്ച കഥകളും ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയത് ജനങ്ങളില്‍ അനാവശ്യ ഭീതി പരക്കാനും സ്റ്റിക്കറുകളും അടയാളങ്ങളും നാട് നീളെ പതിയാനും കാരണമായി. സ്റ്റിക്കറുകളുടെ ചിത്രമുള്‍പ്പെടെ അന്യസംസ്ഥാനക്കാരുള്‍പ്പെടെയുള്ളവരുടെ ഫോട്ടോകളും പ്രതീകാത്മക ചിത്രങ്ങളും സഹിതമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഭിക്ഷക്കാരനെ പിടികൂടിയതും വലിയതുറയില്‍ ട്രാന്‍സ് ജെന്‍ഡറിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതും സമൂഹ മാദ്ധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചത് പൊലീസിന് തലവേദന സൃഷ്ടിച്ച സാഹചര്യത്തില്‍ അതിന് കടിഞ്ഞാണിടാന്‍ കൂടിയാണ് സമൂഹമാദ്ധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാനും അനാവശ്യവിവാദം സൃഷ്ടിക്കുന്നവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടിയെടുക്കാനും ഐ.ജി നിര്‍ദേശിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍