വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: മടക്കിമല മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മടക്കിമലയിലെ മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ ലഭിച്ച ദാനഭൂമിയുടെ കവാടത്തില്‍ കിടപ്പ് സത്യാഗ്രഹം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 12 വരെ നീണ്ടുനിന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധി, മന്ത്രി ടി സിദ്ദീഖ്, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ. സി. ബാലകൃഷ്ണന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ബോര്‍ഡ് സ്ഥാപിച്ച് ആരംഭിച്ച വയനാട് മെഡിക്കല്‍ കോളേജിന് ആവശ്യമായ ഭൂമി മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ലഭ്യമാകാത്ത സാഹചര്യത്തില്‍, ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവനയായി നല്‍കിയ മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളേജിന്റെ കെട്ടിട നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുമതി നല്‍കണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഗാന്ധിയന്‍ പ്രൊഫ. പി. ലക്ഷ്മണന്‍ കിടപ്പ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ഒരു മെഡിക്കല്‍ കോളേജിനെ ഉള്‍ക്കൊള്ളാന്‍ മാനന്തവാടിക്ക് സാധ്യമല്ലെന്നും മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാദര്‍ ജോസ് തേറകം സമരത്തിന് ആശംസകള്‍ നേര്‍ന്നു. മടക്കിമല ആക്ഷന്‍ കമ്മിറ്റിയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ട് തികയാറായിട്ടും ഒരു മെഡിക്കല്‍ കോളേജിനായി സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം വയനാട്ടില്‍ തുടരുന്നത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികലാംഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വികലാംഗരോടും പാവപ്പെട്ടവരോടും ജനപ്രതിനിധികള്‍ കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണ് മെഡിക്കല്‍ കോളേജ് വിഷയമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമരം വികലാംഗ അസോസിയേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ. പി. ഫിലിപ്പ് കുട്ടി വയനാടിനോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ കാണിച്ചുവെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്ന അവഗണനകള്‍ അക്കമിട്ട് നിരത്തി. മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ട് 11 വര്‍ഷമായിട്ടും കെട്ടിടനിര്‍മാണം ആരംഭിക്കാനായിട്ടില്ലെന്നും ദാനഭൂമി ഒഴിവാക്കി മാനന്തവാടി താലൂക്കില്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും അനുയോജ്യമായ ഭൂമി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരാപ്പുഴ പദ്ധതി, ബാണാസുര പദ്ധതി, ബൈരക്കുപ്പ പാലം, പൂഴിത്തോട് റോഡ്, വയനാട് റെയില്‍വേ തുടങ്ങിയ വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. കാരാപ്പുഴ പദ്ധതി ആരംഭിച്ച് അഞ്ച് പതിറ്റാണ്ടിനടുത്തായിട്ടും മുഴുവന്‍ പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാണാസുര പദ്ധതിയുടെയും സ്ഥിതി സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബൈരക്കുപ്പ പാലത്തിനും പൂഴിത്തോട് റോഡിനും കെ. കരുണാകരന്‍ തറക്കല്ലിട്ടിട്ട് 32 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ പൂര്‍ത്തിയാകാത്തത് വയനാടിന്റെ വികസന പിന്നാക്കാവസ്ഥയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലേക്കുള്ള റെയില്‍വേ വാഗ്ദാനം പതിറ്റാണ്ടുകളായി തുടരുകയാണെന്നും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്നും ഫിലിപ്പ് കുട്ടി പറഞ്ഞു. ചുരം റോഡിനാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുകിടക്കുന്ന വയനാടിന്റെ വികസനപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വയനാട്ടുകാര്‍ സര്‍ക്കാരിന് നല്‍കുന്ന നികുതിപ്പണവും മറ്റു ജില്ലകളിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണവും തമ്മില്‍ എന്താണ് വ്യത്യാസം?' എന്നും അദ്ദേഹം ചോദിച്ചു. കിടപ്പ് സമരത്തെ അഭിസംബോധന ചെയ്ത് ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ അഡ്വ. കെ. ബാബു, ഫാദര്‍ ജോസഫ് തേ രകം.അഡ്വ. ജോസ്, അബ്ദുല്‍കാദര്‍ മടക്കിമല, ലത്തീഫ് പഞ്ചാര എന്നിവര്‍ സംസാരിച്ചു. പടിഞ്ഞാറത്തറ പൂഴിത്തോട് സമരസമിതി കമ്മിറ്റി കണ്‍വീനര്‍സാജു പടിഞ്ഞാറത്തറ കൂടാതെ ഷാന്റി ചേനമ്പാടി, ഭഗത് (SUCI), അഡ്വ. ജോസ് വി. തണ്ണിക്കോടന്‍, രാമചന്ദ്രന്‍ തൃക്കേപ്പറ്റ, ഖാലിദ് കല്‍പ്പറ്റ, അബ്ദുറഹിമാന്‍ വൈത്തിരി എന്നിവരും വിവിധ യോഗങ്ങളില്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മൊയ്തു കാവുങ്ങല്‍ സ്വാഗതവും ഇഖ്ബാല്‍ മുട്ടില്‍ നന്ദിയും പറഞ്ഞു. സമരത്തിനിടെ നിരവധി വഴിയാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി സമരവേദിയിലെത്തി ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
