വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
കല്‍പ്പറ്റ: വയനാട് ജില്ലയെ സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇ മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയെ മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാക്കുകയാണ് ലക്ഷ്യം. ജില്ലയെ മാതൃകാപരമായി മുന്‍പന്തിയിലെത്തിക്കുന്നതിന്റെ ആദ്യ ചവിട്ടുപടിയാണ് സമ്പൂര്‍ണ്ണ ഇ മാലിന്യമുക്ത ക്യാമ്പയിന്‍. ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകള്‍, സിഎഫ് എല്ലുകള്‍, ബാറ്ററികള്‍ അടക്കമുള്ള എല്ലാത്തരം ഇലക്ട്രോണിക് മാലിന്യങ്ങളും മണ്ണിലും ജലത്തിലും വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത് തടയാന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങള്‍ താലൂക്കടിസ്ഥാനത്തില്‍ കളക്ഷന്‍ സെന്ററുകളില്‍ ശേഖരിക്കും. ജില്ലയില്‍ സംഘടിപ്പിക്കുന്ന മാലിന്യ ശേഖരണ ക്യാമ്പയിനിലൂടെ പൊതുജനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ലക്ഷ്യം.
ജില്ലയില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന ക്യാമ്പയിനില്‍ ആദ്യഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ക്ലീന്‍ കേരള കമ്പനി മുഖേന സെപ്റ്റംബര്‍ 28, 29, 30 തിയതികളിലായി ശേഖരിച്ച് സംസ്‌കരിക്കാന്‍ കൈമാറും. സെപ്റ്റംബര്‍ 28 ന് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 29 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും 30 ന് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുള്ള കളക്ഷന്‍ സെന്ററുകളിലുമായി ഇ മാലിന്യങ്ങള്‍ ശേഖരിക്കും. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ അതണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ സംസ്‌കരണത്തിനായി ഏജന്‍സികള്‍ മുഖേന പൊതുജനങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഓക്ടോബര്‍ രണ്ടിനകം സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കളക്ഷന്‍ സെന്ററുകള്‍ വഴി ശേഖരിക്കും. വീടുകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് റേറ്റ് കാര്‍ഡ് അനുസരിച്ചുള്ള തുക ഹരിത കര്‍മ്മസേന മുഖേന അക്കൗണ്ടുകളിലേക്ക് ലഭ്യമാകുന്നതാണ് മാലിന്യ ശേഖരണ ക്യാമ്പയിന്റെ പ്രത്യേകത.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
