പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കല്‍പ്പറ്റ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ ഡി. സജിത് ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇന്റര്‍നെറ്റ്, വൈദ്യുതി, ഫാന്‍, ലൈറ്റ്, റാംപ്, ശുചിമുറി, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിങ് സ്‌റ്റേഷനുകള്‍ മാറ്റി പുതിയത് കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും ഡോ. ഡി. സജിത് ബാബു പറഞ്ഞു. പുതിയ വോട്ടറെ ചേര്‍ക്കല്‍, വിലാസം തിരുത്തല്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ അപേക്ഷകളും ഒക്ടോബര്‍ 15 നകം തീര്‍പ്പാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.വി സുധീഷ്, ഇ.ആര്‍.ഒ മാരായ കെ മനോജ് കുമാര്‍, പി.വി മുരളി, തഹസില്‍ദാര്‍മാരായ ഉമറലി പാറച്ചോടന്‍, വി.ആര്‍ ജയപ്രകാശ്, എം.സി രാകേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
