വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ അടിയന്തര സ്‌കാനിങ് നിഷേധിച്ചു; ഒടുവില്‍ രാഷ്ട്രീയ ഇടപെടലില്‍ 17കാരിക്ക് ചികിത്സ ലഭ്യമാക്കി.
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ക്ക് സ്‌കാനിങ് സേവനം നിഷേധിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. കടുത്ത വയറുവേദനയും രക്തസ്രാവവുമായി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയോട് സെപ്റ്റംബര്‍ ഒന്നിന് വരാന്‍ പറഞ്ഞ് സ്‌കാനിങ് നിഷേധിച്ചതും, പണമടച്ച മുതിര്‍ന്ന പൗരന് സേവനം നല്‍കാതെ മടക്കിയയച്ചതുമാണ് വിവാദമായിരിക്കുന്നത്. പുളിഞ്ഞാല്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് ഗൈനക്കോളജി ഡോക്ടര്‍ അടിയന്തര അള്‍ട്രാ സൗണ്ട് സ്‌കാനിങ് നിര്‍ദേശിച്ചെങ്കിലും, സ്‌കാനിങ് വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ഇതിലും അടിയന്തരമായി ചെയ്യേണ്ട സ്‌കാനിങ്ങുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. കുട്ടിയുടെ പിതാവ് അറിയിച്ചതിനെ തുടര്‍ന്ന് സി.പി.എം. നേതാക്കളായ എ.കെ. റൈഷാദും വി.ബി. ബബീഷും സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ട് സി.കെ. ജീവന്‍ ലാലുമായി സംസാരിച്ചു. സൂപ്രണ്ടിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ സ്‌കാനിങ് നടത്തി നല്‍കാന്‍ ഡോക്ടര്‍ നിര്‍ബന്ധിതനായി. സ്‌കാനിങ് സമയത്ത് ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.കാല്‍വിരലിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എത്തിയ റിട്ട. ഹെഡ്മാസ്റ്റര്‍ മണികണ്ഠനില്‍ നിന്ന് 300 രൂപ ബില്ലടപ്പിച്ച ശേഷം, ഈ ഭാഗം സ്‌കാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു. അടച്ച തുക തിരികെ നല്‍കാനോ ബദല്‍ സംവിധാനം ഒരുക്കാനോ അധികൃതര്‍ തയ്യാറായില്ലെങ്കിലും പിന്നീട് പരാതി നല്‍കിയതിനാല്‍ പണം മടക്കി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് വയറുവേദനയും രക്തസ്രാവവുമായി പെണ്‍കുട്ടി പിതാവിനൊപ്പം അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച് ആവശ്യമായ മരുന്നു നല്‍കി സ്ത്രീരോഗ വിഭാഗത്തിലേക്ക് പറഞ്ഞു വിട്ടു. സ്ത്രീരോഗ വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ചാണ് അടിയന്തിരമായി അള്‍ട്രാ സൗണ്ട് സ്‌കാനിങിനു നിര്‍ദേശിച്ചത്. സ്‌കാനിങിനു രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ സ്‌കാനിങ് വിഭാഗത്തിലെ ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചതായി പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഡോക്ടറെ കണ്ടപ്പോള്‍ സെപ്റ്റംബര്‍ ഒന്നിനു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും സ്ത്രീരോഗ വിഭാഗത്തില്‍നിന്നു അടിയന്തിരമായി സ്‌കാനിങ് ചെയ്യാന്‍ നിര്‍ദേശിച്ചതായും രക്ഷിതാവ് പറഞ്ഞപ്പോള്‍ സ്‌കാനിങ് ചെയ്യാന്‍ പറ്റില്ലെന്നും അതിലും അടിയന്തിരമായി ചെയ്യേണ്ട സ്‌കാനിങ് ഉണ്ടെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് സി.പി.എം. പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. തുടര്‍ന്ന് സി.പി.എം. നേതാക്കളായ എ.കെ. റൈഷാദ്, വി.ബി. ബബീഷ് എന്നിവര്‍ ആശുപത്രിയെത്തി സൂപ്രണ്ട് സി.കെ. ജീവന്‍ ലാലുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സ്‌കാനിങ് സേവനം നല്‍കാമെന്നറിയിച്ചത്. ഇതോടെ സ്‌കാനിങ് വിഭാഗത്തിലെ ഡോക്ടര്‍ സ്‌കാനിങ് ചെയ്തു നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സ്‌കാനിങിനു വിധേയമായ ശേഷമാണ് പെണ്‍കുട്ടി ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്. സ്‌കാനിങ് സമയത്തും ഡോക്ടര്‍ വളരെ മോശമായി സംസാരിച്ചതായും പെണ്‍കുട്ടി നല്‍കിയ പരാതിയുണ്ട്.
സ്‌കാനിങ് വിഭാഗത്തില്‍ മതിയായ ജീവനക്കാരില്ലാത്തതിന്റെ അമര്‍ഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചികിത്സ തേടിയെത്തുന്നവരോട് കാണിക്കുന്നതായി നേരത്തേ പരാതിയുണ്ട്.
സ്‌കാനിങ് റിപ്പോര്‍ട്ട് ടൈപ്പ് ചെയ്യുന്നയാള്‍ അവധിയില്‍ പോയതിനാലാണ് യഥാസമയം നല്‍കേണ്ടിയിരുന്ന സ്‌കാനിങ് സേവനം നല്‍കാന്‍ ഡോക്ടര്‍ മടി കാണിച്ചതെന്ന ആരോപണമവുമുണ്ട്.
ശസ്ത്രക്രിയാ വിഭാഗത്തില്‍ കഴിഞ്ഞ ജൂലായ് 22ന് കാലിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയ മണികണ്ഠനോട് സ്‌കാനിങിനായി ചൊവ്വാഴ്ച വരാനാണ് ആവശ്യപ്പെട്ടത്. രാവിലെ എത്തി ബില്ലിങ് സെക്ഷനില്‍ മുന്നൂറ് രൂപ അടച്ച് സ്‌കാനിങ് യൂണിറ്റിലെത്തിയപ്പോള്‍ കാലിന്റെ വിരലിനുള്ളില്‍ സ്‌കാനിങ് ചെയ്യാന്‍ സാധിക്കില്ലെന്നു പറഞ്ഞു മടക്കിയയക്കുകയായിരുന്നെന്നാണ് മണികണ്ഠന്‍ നല്‍കിയ പരാതിയിലുള്ളത്. തുടര്‍ന്ന് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടച്ച പണം തിരികെ നല്‍കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
