പൊതുപ്രവര്‍ത്തന തിരക്കിനിടയില്‍ നിയമബിരുദവും; അഭിഭാഷകനായി എന്റോള്‍ ചെയ്ത് ജുനൈദ് കൈപ്പാണി
കൊച്ചി: പൊതുപ്രവര്‍ത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകള്‍ക്കിടയിലും ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂര്‍ത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് പി.എം മനോജില്‍ നിന്നും ഔദ്യോഗികമായി എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മര്‍കസ് ലോ കോളേജിലായിരുന്നു എല്‍.എല്‍.ബി ബിരുദ പഠനം.
2020-2025 കാലയളവില്‍ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പറായും വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിച്ചും ശ്രദ്ധേയവും മാതൃകപരവുമായ പ്രവര്‍ത്തനം നടത്തിയ ജുനൈദ് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും സജീവമാണ്.
എം.കോം, ബി.എഡ്, മനഃശാസ്ത്ര കൗണ്‍സലിംഗില്‍ പി.ജി. ഡിപ്ലോമ എന്നിവയ്ക്ക് പുറമെ പ്രാദേശിക ഭരണനിര്‍വഹണവും അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 'വികേന്ദ്രീകൃതാസൂത്രണം – ചിന്തയും പ്രയോഗവും' ഉള്‍പ്പെടെ ഏഴോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
നിലവില്‍ ന്യൂറോനെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എന്‍. ഐ.എസ്.ആര്‍)ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും ലെറ്റ്‌സ് ലൈഫ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. പൊതുപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച അനുഭവവും നിയമപരിജ്ഞാനവും സമന്വയിപ്പിച്ച് സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ നിയമസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ അഭിഭാഷക ജീവിതത്തിന് തുടക്കം കുറിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
