കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
മാനന്തവാടി: ആവശ്യമായ ക്ലാസ് മുറികളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ മാനന്തവാടി റൂസ ഗവ. മോഡല്‍ ഡിഗ്രി കോളേജ് പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്നും യങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി. റൂസ കോളേജിനായി തൃശ്ശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ലഭ്യമായിട്ടും സ്ഥിരം കെട്ടിടത്തിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരു വര്‍ഷമായി താല്‍ക്കാലിക സംവിധാനത്തില്‍ കോളേജ് പ്രവര്‍ത്തിച്ചിട്ടും പുതിയ ബാച്ചിന് ആവശ്യമായ സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്നുംയങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ആരോപിച്ചു.
നിലവില്‍ മാനന്തവാടി ഗവ. കോളേജിന് സമീപത്തെ താല്‍ക്കാലിക കെട്ടിടത്തിലാണ് റൂസ കോളേജ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷമായി ഒരു ബാച്ച് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചുവരികയാണ്. ഇതിനിടെ പുതിയ ബാച്ചിലേക്ക് പ്രവേശനം നല്‍കിയെങ്കിലും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ആവശ്യമായ ക്ലാസ് മുറികള്‍ പോലും ഒരുക്കിയിട്ടില്ല. പുതിയ ബാച്ചിന്റെ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് ആശങ്കയായി തുടരുകയാണ്.
റൂസ കോളേജ് പ്രഖ്യാപിച്ചതു മുതല്‍ക്കേ മാറി മാറി വന്ന ഗവണ്മെന്റുകളുടെ ഈ പദ്ധതിയോടുള്ള അനാസ്ഥ ആശങ്ക പ്രകടിപ്പിക്കുന്നതാണ്.
നൂതന കോഴ്‌സുകള്‍ ആരംഭിച്ചിട്ടും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ലൈബ്രറി സൗകര്യങ്ങളുടെ അപര്യാപ്തത, ഓഫീസ് സംവിധാനത്തിലെ പരിമിതികള്‍, ആവശ്യമായ ജീവനക്കാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും അടിയന്തര പരിഹാരം കാണണം.
സ്ഥിരം കെട്ടിടത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുകയും അതുവരെ പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സംവിധാനമൊരുക്കുകയും വേണം.
ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ച് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ കെ.എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗം ടി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം ഷമീര്‍ പി, യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ജോയിന്റ് കണ്‍വീനര്‍മാരായ മുഹമ്മദ് ആഷിഖ് പി, മുഹമ്മദ് സവാദ് വി, മുഹമ്മദ് അന്‍ഷിഫ് പി, സുമയ്യ പി കെ, നയന്‍താര എം സി, കമ്മിറ്റിയംഗങ്ങളായ സലാഹുദ്ധീന്‍, യാസിര്‍ പി ടി, അനസ്, അഫ്‌സല്‍ എം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
