കള്ളാടി മണ്ണിടിച്ചില്‍: 18 പേര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. 18 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കള്ളാടിയില്‍ യോഗം ചേര്‍ന്നു.പദ്ധതി പ്രദേശത്തെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, സുരക്ഷാ ജീവനക്കാര്‍, മേല്‍നോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്തെ മീനാക്ഷി പാലത്തിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മേപ്പാടിചൂരല്‍മല റോഡിലെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിലേക്ക് പതിച്ച മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന പൊലീസിന്റെ സ്‌നിഫര്‍ നായകളെ സ്ഥലത്ത് എത്തിച്ച് പരിശോധിക്കുന്നുണ്ട്.
പാലത്തിന് ഇരുവശങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷനിലും ചൂരല്‍മല പള്ളി ഹാളിലും സൗകര്യമൊരുക്കി. സ്‌കൂളിലേക്ക് പോയ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മഴയുള്ളതിനാല്‍ തുരങ്ക പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയതിനാല്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്നുണ്ടായിരുന്നില്ല. ഏറാട്ടുകുണ്ട്, അട്ടമല, മമ്മിക്കുന്ന്, അംബേദ്കര്‍ ഉന്നതിയിലെ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും.
മീനാക്ഷി പാലത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്ത ശേഷം പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
അവലോകന യോഗത്തില്‍ തിരുവമ്പാടി എം.എല്‍.എ സി. കെ കാസിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ദേവ മനോഹര്‍, എ.ഡി.എം കെ അജീഷ്, സബ് കലക്ടര്‍ അതുല്‍ സാഗര്‍, വാര്‍ഡ് അംഗം ജിതിന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
