കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
മാനന്തവാടി: സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ആര്‍ അനിതയുടെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തോണിച്ചാലിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ കുറ്റിയാടി കായക്കൊടി സ്വദേശിയായ അജ്മലിനെയാണ് നാദാപുരത്തുനിന്ന് പോലീസ് പിടികൂടിയത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമും , മാനന്തവാടി പോലീസും ചേര്‍ന്ന് ഒരാഴ്ച നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. പേരാമ്പ്ര കടിയങ്ങാട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും പ്രതിയുടെ കൈവശത്തില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഈ വാഹനത്തിലാണ് പ്രതി വയനാട്ടിലെത്തി കവര്‍ച്ച നടത്തിയത്.
കഴിഞ്ഞ ജൂണ്‍ 27ന് പുലര്‍ച്ചെയാണ് തോണിച്ചാല്‍ നലൂര്‍നാട് 'അനുഗ്രഹ' ഹൗസില്‍ മോഷണശ്രമം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍സ് തകര്‍ത്താണ് പ്രതി അകത്തുകടക്കാന്‍ ശ്രമിച്ചത്. സംഭവദിവസം രാത്രി 10 മണിയോടെ കുറ്റിയാടി ചുരം വഴി വയനാട്ടിലേക്ക് എത്തിയ പ്രതി, രാത്രി 12 മണിവരെ മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും ചുറ്റിക്കറങ്ങി സാഹചര്യങ്ങള്‍ നിരീക്ഷിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ മോഷണം നടത്തുകയും, അതിനുശേഷം രാവിലെ 5:30ഓടെ കുറ്റിയാടി ചുരം വഴി നാദാപുരത്തേക്ക് കടന്നുകളയുകയുമായിരുന്നു.
മൊബൈല്‍ ഫോണ്‍ ഒട്ടും ഉപയോഗിക്കാത്തതും കടവരാന്തകളില്‍ മാത്രം രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നതുമായ പ്രതിയെ കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയായിരുന്നു.
പോലീസിന്റെ റഡാറുകളില്‍പ്പെടാതിരിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും പ്രധാന റോഡുകള്‍ ഒഴിവാക്കി ഇടവഴികളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയുമായിരുന്നു ഇയാളുടെ സഞ്ചാരം.
മഴയില്ലാത്ത സമയങ്ങളില്‍ പോലും ആരും തിരിച്ചറിയാതിരിക്കാന്‍ മഴക്കോട്ട് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
എന്നാല്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം പ്രതിയുടെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് വലയിലാക്കുകയായിരുന്നു.
പിടിയിലായ അജ്മല്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്.
ഇയാള്‍ക്കെതിരെ തലശ്ശേരി, മാനന്തവാടി, തൊട്ടില്‍പ്പാലം, കൊളവല്ലൂര്‍, പാനൂര്‍, തൊണ്ടര്‍നാട് തുടങ്ങിയ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിലവില്‍ കേസുകള്‍ നിലവിലുണ്ട്.
മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.റഫീക്ക്, എസ് ഐമാരായ കെ കെ സോബിന്‍, സുനില്‍ കുമാര്‍, എ എസ് ഐ ഷെമ്മി, പോലീസുകാരായ ഷിജോ മാത്യു, മനു അഗസ്റ്റിന്‍, പ്രജീഷ്, ശ്രീജിത്ത്, അരുണ്‍, ഷിന്റോ ജോസഫ്,
സ്‌ക്വാഡ് അംഗങ്ങളായ
എ എസ് ഐ ബിജു വര്‍ഗീസ്,എസ്.സി പി ഒ മാരായ ഷാലു ഫ്രാന്‍സിസ്, കെ കെ വിപിന്‍, ടി ആര്‍ രജീഷ്, സി പി ഒ മാരായ അജിത്ത് പിബി, ശ്രീജിത്ത് ഇ.എസ്, അബ്ദുള്‍ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
