വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
കമ്പളക്കാട്: കോട്ടത്തറ, വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ നിയമവുമായി കലഹിക്കുന്ന കുട്ടി പിടിയില്‍. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഹാജരാക്കി. പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തിയത്. നിയവുമായി കലഹിക്കുന്ന കുട്ടി സമൂഹത്തില്‍ നിരന്തര ശല്യക്കാരനാണ്. മോഷണം, സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കല്‍, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നയാളാണ്. ഇത്തരത്തില്‍ നിരന്തരം ശല്യക്കാരനായത്തിനെതുടര്‍ന്ന് സ്‌റ്റേഷനില്‍ കൂട്ടായ പരാതികളും മറ്റും മുന്‍പും ലഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി മുന്‍പ് രണ്ടു തവണ കുട്ടിക്കെതിരെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
24.05.2026 തീയതി വൈകീട്ടോടെയാണ് കോട്ടത്തറ, വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സംഭവം കൊലപാതകമെന്ന് തെളിയിക്കുകയുമായിരുന്നു. കഴുത്തിലെ എല്ലുകള്‍ക്ക് ഫ്രാക്ചര്‍ സംഭവിക്കുകയും, ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരിക്കുകളും, ഇടതു വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തിരുന്നു.
സംഭവ ശേഷം കുറ്റകൃത്യം ചെയ്തയാളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാതിരുന്ന കേസില്‍ ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഫിംഗര്‍ പ്രിന്റ്, ഡോഗ് സ്‌ക്വാഡ്, പോലീസിലെ മറ്റു വിഭാഗങ്ങളെല്ലാം സംയോജിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയിലേക്ക് എത്തുന്നത്.
അന്വേഷണ സംഘത്തില്‍ കല്പറ്റ ഡി.വൈ.എസ്.പി അഷ്‌റഫ് തേങ്ങലക്കണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, പി. വി സജീവ്, ടി.പി രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.വി ഹരീഷ്‌കുമാര്‍, എന്‍ വിപിന്‍, ഇ.കെ രമ്യ, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഓ മാരായ ഷാലു ഫ്രാന്‍സിസ്, കെ.കെ വിപിന്‍, മുഹമ്മദ് ഷമീര്‍, സി.പി.ഓ മാരായ എം.എ ശിഹാബ്, പി നിഷാദ്, ഇ.എസ് ശ്രീജേഷ്, പി.ബി അജിത്, ടി ആര്‍ രജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
