വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം: മന്ത്രി സണ്ണി ജോസഫ് ;'ബെസ്' പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യും
കണ്ണൂര്‍: വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍
എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോള്‍ട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങള്‍ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍, വെബ്‌സൈറ്റ്, മാധ്യമങ്ങള്‍ വഴി അറിയിക്കണം. പകല്‍ സമയത്ത് സൗരോര്‍ജ്ജം ബാറ്ററിയില്‍ സ്‌റ്റോര്‍ ചെയ്തു രാത്രി പീക്ക് സമയങ്ങളില്‍ വിതരണം ചെയ്യുന്ന ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിലുള്ള മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് യോഗത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതില്‍ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസര്‍കോട് മൈലാട്ടിയില്‍ ഈ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂര്‍ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160
എംഡബ്ല്യുഎച്ച് ശേഷിയും കാസര്‍കോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്. സര്‍ക്കാര്‍ സ്ഥലം മാത്രം വിട്ടു നല്‍കി സ്വകാര്യ കമ്പനി സൗരോര്‍ജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂര്‍ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സര്‍ക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.
വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവന്‍ അടിയന്തരമായി വേണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളില്‍ ഒരു അധിക ലൈന്‍മാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസല്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കെഎസ്ഇബി നോര്‍ത്ത് മലബാര്‍ റീജ്യന്‍ ചീഫ് എഞ്ചിനീയര്‍ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
