സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു; വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടര്‍
കല്‍പ്പറ്റ: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കവെ വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന യഥാസമയം പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും യോഗത്തില്‍ നിര്‍ദേശം നല്‍കി. വനമേഖലകളുമായി അടുത്ത പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ നേരിടാനും കുട്ടികളുടെ സ്‌കൂള്‍ യാത്രകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ പരിസരങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍, സ്‌കൂള്‍ പരിസരങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാനും അവരുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ മെന്റര്‍ ടീച്ചര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് വരും ദിവസങ്ങളില്‍ അതത് പ്രദേശങ്ങളിലെ ഓരോ സ്‌കൂളുകളും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാതല പ്രവേശനോത്സവം പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസില്‍
പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ജില്ലാതല പ്രവേശനോത്സവം ജൂണ്‍ ഒന്നിന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് മുഖ്യാതിഥിയാവും. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാതല പ്രവേശനതോത്സവത്തിന് പുറമെ ജൂണ്‍ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
