ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 14 വയസ്സ് പൂര്‍ത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്‌സിന്‍ ഗവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി നല്‍കുന്നു. ഇതിനായി മെയ് 30 വരെ പ്രത്യേക ക്യാമ്പയിന്‍ നടക്കും. സ്വകാര്യ ആശുപത്രികളില്‍ 4000 രൂപയോളം ചിലവ് വരുന്ന വാക്‌സിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലൂടെയും സൗജന്യമായി ലഭ്യമാക്കുന്നത്.
എച്ച്.പി.വി വാക്‌സിന്‍ ജില്ലയിലെ അര്‍ഹരായ എല്ലാ പെണ്‍കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേര്‍ന്നു.
അര്‍ഹരായ എല്ലാ പെണ്‍കുട്ടികളും ആധാര്‍ കാര്‍ഡുമായെത്തി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയ ഗള കാന്‍സര്‍.
ഒറ്റ ഡോസ് കൊണ്ട് ശക്തമായ പ്രതിരോധം
സ്ത്രീകളിലുണ്ടാകുന്ന മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് (എച്ച് പി വി). വൈറസിന്റെ അപകട സാധ്യത കൂടുതലുള്ള വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധ ദീര്‍ഘനാള്‍ നിലനില്‍ക്കുമ്പോഴാണ് ഇത് കാന്‍സറായി മാറുന്നത്. ഇത് തടയാന്‍ തികച്ചും സുരക്ഷിതമായ ഗാര്‍ഡാസില്‍ ക്വാഡ്രിവാലന്റ് എന്ന വാക്‌സിന്റെ ഒറ്റ ഡോസ് എടുത്താല്‍ മതിയാകും. ഇത് സുരക്ഷിതവും പൂര്‍ണ്ണമായും ഫലപ്രാപ്തിയുള്ളതമാണ്. ഗര്‍ഭാശയ ഗള കാന്‍സറിന് പുറമെ ലൈംഗിക അവയവങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍, അരിമ്പാറകള്‍ എന്നിവ തടയാനും ഈ വാക്‌സിന്‍ സഹായിക്കും.
ലോകാരോഗ്യ സംഘടനയുടെ '907090' പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2030ഓടെ 15 വയസ്സിന് താഴെയുള്ള 90 ശതമാനം പെണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 30 വയസ്സ് കഴിഞ്ഞ 70 ശതമാനം സ്ത്രീകളില്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്താനും കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ 90 ശതമാനം പേരെയെങ്കിലും ചികിത്സയില്‍ കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 2026 ഫെബ്രുവരി 28ന് എച്ച്.പി.വി വാക്‌സിന്‍ ദേശീയ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
