നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കെ പിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശതെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് ആവേശവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ തുറന്നുകാട്ടാനും, കേരളത്തിന്റെ നന്മക്കും, ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ബദല്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ ജനങ്ങള്‍ ഉള്‍കൊണ്ടു. പ്രതിപക്ഷനേതാവ് നയിച്ച പ്രതിപക്ഷ നേതൃനിര ഒന്നാകെ പങ്കെടുത്ത പുതുയുഗ യാത്രങ്ങള്‍ക്ക് ജനങ്ങള്‍ അതിഗംഭീരമായ സ്വീകരണമാണ് നല്‍കിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ യു ഡി എഫിന് നല്ല വിജയസാധ്യതയാണുണ്ടായിരുന്നത്. എക്‌സിറ്റ് ഫലങ്ങള്‍ അത് ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ പ്രതിസന്ധികള്‍ പല ഘട്ടങ്ങളില്‍ നേരിട്ടിരുന്നു. വോട്ടര്‍പട്ടികയിലെ എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍, പക്ഷപാതപരമായി പോളിംഗ് ഉദ്യോഗസ്ഥരന്മാരെ നിയോഗിച്ചു, ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍, അക്രമങ്ങള്‍ എന്നിവയെല്ലാം ചെറുത്തുകൊണ്ട് യു ഡി എഫ് മുന്നോട്ടുപോയി. മികച്ച ഭൂരിപക്ഷത്തില്‍ യു ഡി എഫ് വിജയിക്കും. ഇത് ശരിവെക്കുന്നതാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങള്‍ അനവസരത്തിലുണ്ടാക്കുന്ന ചര്‍ച്ചകള്‍ മാത്രമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യക്തമായ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളുമുണ്ട്. അത് പാലിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, കെ പി സി സി മെമ്പര്‍ പി പി ആലി, ബി സുരേഷ്ബാബു, ബിനുതോമസ് തുടങ്ങിയവരും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
