ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
കല്‍പ്പറ്റ: സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ പകല്‍ സമയത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്തെ സൂര്യപ്രകാശം ശരീരത്തിലേക്ക് തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം ഇടവിട്ട് ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളില്‍ ഫയര്‍ ഓഡിറ്റും കൃത്യമായ സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍, വിനോദ സഞ്ചാരികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുമ്പോള്‍ പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ മൂന്ന് വരെയുള്ള സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. മാധ്യമ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
