തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
കല്‍പ്പറ്റ: കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ കെ.ടി അറിയിച്ചു. വേനല്‍ക്കാലത്ത് തറയില്‍ പായവിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിക്കെട്ടന്‍ പോലുള്ള പാമ്പുകള്‍ തണുപ്പു തേടി കിടക്കയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം. വീടിന്റെ വരാന്തയിലും ഉമ്മറത്തും വെച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉള്ളതിനാല്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍
കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാല്‍ രക്തചംക്രമണം കൂടുകയും വൃക്ക, മസ്തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും. കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യാതെ അതുപോലെ തന്നെ വയ്ക്കുക, അല്ലെങ്കില്‍ ചലിപ്പിക്കാതിരിക്കുക.
കടിയേറ്റ കൈകാലുകളില്‍ നിന്നും ഷൂസ്, ബെല്‍റ്റ്, മോതിരം, വാച്ച്, ആഭരണങ്ങള്‍ മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക. കടിയേറ്റയാളിനെ തല ചരിച്ചു വെച്ച്, കൈ കൊണ്ട് മുഖത്തെ താങ്ങി നിര്‍ത്തുന്ന രീതിയില്‍, ഇടത്തോട്ട് ചരിച്ച് വലതു കാല്‍ മടക്കി കിടത്തുക. വാഹന സൗകര്യം ലഭ്യമായാലുടന്‍ അടിയന്തിര ചികിത്സക്കായി തൊട്ടടുത്തറ വിഷ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുക. അടിയന്തിര സഹചര്യങ്ങളില്‍ 108 എന്ന നമ്പറില്‍ ആബുലന്‍സിനെ വിളിക്കുക.
പാമ്പുകടിയേറ്റാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
കടിയേറ്റയാള്‍ക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാന്‍ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേല്‍ക്കാന്‍ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ ചെയ്യരുത്. കടിയേറ്റ ഭാഗത്തിനു മുകളില്‍ രക്തയോട്ടം കുറയ്ക്കാനായി മുറുക്കിക്കെട്ടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്താല്‍ കടിയേറ്റ ഭാഗത്തേക്കുള്ള രക്തയോട്ടം തടസപ്പെടാനും ആ ശരീരഭാഗം പ്രവര്‍ത്തന രഹിതമാകാനും സാധ്യതയുണ്ട്. കടിയേറ്റയാളിനെ മലര്‍ത്തിക്കിടത്തരുത്. അത് ശ്വാസതടസ്സം ഉണ്ടാക്കാനിടയുണ്ട്. അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ചികിത്സകള്‍ ചെയ്യരുത്.
പാമ്പ് കടിയേറ്റാല്‍ അടിയന്തിര ചികിത്സ ലഭിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍
ജില്ലാ മെഡിക്കല്‍ കോളേജ് മാനന്തവാടി,
ജനറല്‍ ആശുപത്രി കല്‍പറ്റ,
താലൂക്ക് ആസ്ഥാന ആശുപത്രി സുല്‍ത്താന്‍ ബത്തേരി,
താലൂക്ക് ആസ്ഥാന ആശുപത്രി വൈത്തിരി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
