പ്രകൃതി ദുരന്ത മാലിന്യ സംസ്‌കരണ മാതൃക; മാര്‍ഗ്ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീമായി സംസ്‌കരിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയദുരന്ത മാലിന്യ സംസ്‌കരണ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടന്ന പരിപാടിയില്‍ പ്രകാശനം ചെയ്തു. സാധാരണ സാഹചര്യങ്ങളിലുള്ള മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ ദുരന്തമുഖത്ത് അപര്യാപ്തമാണെന്നും മുണ്ടക്കൈ ചൂരല്‍മല ദുരന്തഅനുഭവത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം പ്രദേശത്ത് ടണ്‍ കണക്കിന് മാലിന്യമാണ് അടിഞ്ഞുകൂടിയത്. തകര്‍ന്ന വീടുകള്‍, കെട്ടിടാവശിഷ്ടങ്ങള്‍, മണ്ണ്, കൂറ്റന്‍ പാറകള്‍, പ്ലാസ്റ്റിക്ഇലക്ട്രോണിക് വസ്തുക്കള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ കൂടിക്കലര്‍ന്ന നിലയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിലവിലുള്ള മാലിന്യ സംസ്‌കരണ രീതികള്‍ പര്യാപ്തമല്ലെന്ന് കണ്ടതയതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുമായി 81.64 ടണ്‍ ഖരമാലിന്യവും 106 കിലോ ലിറ്റര്‍ ശൗചാലയ മാലിന്യവും നീക്കം ചെയ്തു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2,850ഓളം ഹരിതകര്‍മ്മ സേനാംഗങ്ങളും വളണ്ടിയര്‍മാരും ദൗത്യത്തില്‍ പങ്കാളികളായി.
ദുരന്തമേഖലയിലെ മാലിന്യത്തിന്റെ അളവ് കണക്കാക്കാന്‍ ഡ്രോണ്‍, ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കും. ശുചിത്വ മിഷന്റെ ക്ലൂ ആപ്പ് മുഖേന മാലിന്യ ശേഖരണം, ഗതാഗതം തത്സമയം നിരീക്ഷിക്കും. ദുരന്തമുഖത്ത് വെല്ലുവിളിയായി മാറുന്ന പഴയ വസ്ത്രങ്ങളും ചെരിപ്പുകളും സംസ്‌കരിക്കുന്നതിന് പ്രത്യേക ശേഖരണ കേന്ദ്രങ്ങള്‍ തുറക്കും. കെട്ടിടാവശിഷ്ടങ്ങള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതും ഹരിത ചട്ടങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും പ്രോട്ടോക്കോളിന്റെ പ്രധാന സവിശേഷതകളാണ്. വരും കാലങ്ങളില്‍ ഓരോ തദ്ദേശ സ്ഥാപനവും പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കി ദുരന്ത മാലിന്യ സംസ്‌കരണ പ്ലാനുകള്‍ തയ്യാറാക്കും.
ദുരന്ത മാലിന്യ സംസ്‌കരണ പ്രോട്ടോക്കോളിലെ പ്രധാന ഘട്ടങ്ങള്‍
ദുരന്തസമയത്തെ മാലിന്യ സംസ്‌കരണം മൂന്ന് ഘട്ടങ്ങളിലായാണ് പുതിയ പ്രോട്ടോക്കോള്‍ വിഭജിച്ചിരിക്കുന്നത്:
1. അടിയന്തര ഘട്ടം (ആദ്യത്തെ 72 മണിക്കൂര്‍)
രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്ന മാലിന്യങ്ങള്‍ അടിയന്തരമായി മാറ്റുക, ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചിത്വ സൗകര്യങ്ങള്‍ (ബയോടോയ്‌ലറ്റുകള്‍) ഉറപ്പാക്കുക, ജൈവമാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും രോഗപകര്‍ച്ച ഒഴിവാക്കാന്‍ ഉടന്‍ സംസ്‌കരിക്കുക.
2. ക്രമീകരണ ഘട്ടം (72 മണിക്കൂറിന് ശേഷം)
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിക്കുക, കെട്ടിടാവശിഷ്ടങ്ങള്‍ ക്രഷര്‍ യൂണിറ്റുകള്‍ വഴി പൊടിച്ച് പുനരുപയോഗിക്കുക.
3. പുനരുദ്ധാരണ ഘട്ടം
ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുഖേന സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുക, ദുരന്തമേഖലയിലെ മണ്ണും വെള്ളവും മലിനമായിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
