തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ 4ന് പൂര്‍ത്തീകരിക്കും
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ നാലിന് പൂര്‍ത്തീകരിക്കും. 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള മുഴുവന്‍ സമ്മതിദായകരുടെയും വീടുകളില്‍ ബൂത്ത്തല ഓഫീസര്‍മാരെത്തി എന്യൂമറേഷന്‍ ഫോം കൈമാറി വിവരശേഖരണം നടത്തി വരികയാണ്. ജില്ലയില്‍ 567 ബൂത്ത്തല ഓഫീസര്‍മാരെയാണ് തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ക്കായി വിന്യസിപ്പിച്ചത്. എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുമ്പോഴുണ്ടാവുന്ന സംശയങ്ങള്‍ അതത് ബൂത്ത്തല ഓഫീസര്‍മാര്‍ മുഖേന ദൂരീകരിക്കാം.
2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 2002ലെ പട്ടികയില്‍ പേരില്ലാത്തവരുമാണെങ്കില്‍ അടുത്ത ബന്ധുക്കള്‍ 2002ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഫോമിനൊപ്പം രേഖകളൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ 2002ലെ വോട്ടര്‍ പട്ടികയില്‍ വ്യക്തിയോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന 12 രേഖകളിലൊന്ന് നല്‍കണം. വിവര ശേഖരണത്തിന് വീടുകളിലെത്തുന്ന ബി.എല്‍.ഒമാര്‍ രണ്ട് എന്യൂമറേഷന്‍ ഫോമുകളാണ് ഓരോ വോട്ടര്‍ക്കും നല്‍കുന്നത്. ഇതിലൊന്ന് പൂരിപ്പിച്ച് തിരികെ നല്‍കുകയും മറ്റൊന്ന് പൂരിപ്പിച്ച് വോട്ടര്‍ തന്നെ സൂക്ഷിക്കുകയുമാണ് വേണ്ടത്. ഫോം പൂരിപ്പിക്കാന്‍ ബി.എല്‍.ഒയുടെ സഹായം ലഭിക്കും. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും ഫോം ആറില്‍ അപേക്ഷയും സത്യവാങ്മൂലവും ബി.എല്‍.ഒമാര്‍ക്ക് നല്‍കാം. എന്യൂമറേഷന്‍ സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ കളക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ 04936 282198 നമ്പറില്‍ വിളിച്ച് സംശയങ്ങള്‍ നിവാരണം നടത്താം.
ഡിസംബര്‍ നാലിനകം ലഭിക്കുന്ന പൂരിപ്പിച്ച എസ്.ഐ.ആര്‍ ഫോമുകള്‍ പരിശോധിച്ച് ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഡിസംബര്‍ ഒന്‍പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കും. പട്ടികയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി എട്ട് വരെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ മുമ്പാകെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
