തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആര്‍ കേളു

വെള്ളമുണ്ട: നാലുവരി പാതയില്‍ ഒരുങ്ങുന്ന തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കാവുംകുന്ന് ഇടിഞ്ഞകുഴി മരക്കാട്ട്കുന്ന് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരമില്ലാത്ത തുരങ്കപാത ബദല്‍ റോഡ് ആറ് വര്‍ഷം കൊണ്ട് യഥാര്‍ത്ഥ്യമാകും. ജില്ലയിലെ പ്രധാനപെട്ട റോഡുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, തുടങ്ങി അടിസ്ഥാന മേഖല ശക്തിപെടുത്തുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ മാറ്റങ്ങള്‍ ജില്ലയിലും കാണാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഒന്നര കോടി രൂപ അനുവദിക്കുകയും സര്‍വ്വേയും ഇന്‍വെസ്റ്റിഗേഷനും പൂര്‍ത്തീകരിച്ച് സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനൊരുങ്ങുകയുമാണ്. ശേഷം അലൈന്‍മെന്റ് നിര്‍ണയിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ച് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
എളമരം കരിം എം.പിയുടെ ഫണ്ടില്‍ നിന്നുള്ള 48 ലക്ഷം രൂപയും വെള്ളമുണ്ട പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചിലവഴിച്ചാണ്
കാവുംകുന്ന് ഇടിഞ്ഞകുഴി മരക്കാട്ട്കുന്ന് പാലവും അപ്രോച്ച് റോസും നിര്‍മിച്ചത്. മഴക്കാലത്ത് വെള്ളം കയറി ഒറ്റപ്പെട്ടുപോയിരുന്ന മരക്കാട്ടുകുന്ന് പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു നേരത്തെ ഇവിടെയുണ്ടായിരുന്ന മരപ്പാലം. പിന്നീട് കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉപയോഗിച്ച് കള്‍വര്‍ട്ടും റോഡും നിര്‍മിച്ചെങ്കിലും പിന്നീടുണ്ടായ ശക്തമായ കാലവര്‍ഷത്തില്‍ പൈപ്പ് കള്‍വര്‍ട്ടുകള്‍ തകരുകയായിരുന്നു. പുതിയ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെ ഒരു പ്രദേശത്തിന്റെയാകെ ദുരിതത്തിനാണ് അറുതിയാവുന്നത്.
മരക്കാട്ടുകുന്ന് പ്രദേശത്തുകാര്‍ക്കും മൊണ്ണംഞ്ചേരി പ്രദേശത്തുകാര്‍ക്കും ആലക്കണ്ടി, മാക്കണ്ടി പ്രദേശത്തുള്ളവര്‍ക്കും മൊതക്കരയില്‍ എത്താന്‍ ബദല്‍ മാര്‍ഗമായും ഈ പാലം ഉപയോഗിക്കാനാവും.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്തംഗം കെ.വിജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, സി.എം അനില്‍കുമാര്‍, ഇ.കെ സല്‍മത്ത്, പി.എ അസീസ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത്, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗം ജയ ജോഷി, എ.ഡി.എസ് സെക്രട്ടറി ശ്രീജ വിനോദ്, സ്വാഗതസംഘം ചെയര്‍മാന്‍ മജീദ് കണ്ണാടി, കണ്‍വീനര്‍ വി.ആര്‍ നിതീഷ്, ട്രഷറര്‍ പ്രസന്നന്‍, ഡി.പി.സി അംഗം എ.എന്‍ പ്രഭാകരന്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
1vizsa