ദുര്‍ബലര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: വയനാട് ജില്ലാ ജഡ്ജി ഇ.അയൂബ്ഖാന്‍; ജില്ലയിലെ ആദ്യ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: സമൂഹത്തിലെ ദുര്‍ബലര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഇ അയൂബ്ഖാന്‍ വ്യക്തമാക്കി. മാനന്തവാടി നഗരസഭയില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ നിയമ സേവന ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യവും കാര്യക്ഷമവുമായ നിയമസേവനം നല്‍കുന്നതിനും സാമ്പത്തികമോ മറ്റ് പരാധീനതകളോ കാരണം ആര്‍ക്കും നീതി നേടാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ക്ലിനിക്കിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ നിയമസഹായവും നിയമപരിരക്ഷയും സ്ഥാപനത്തിലൂടെ ലഭ്യമാക്കും. സമൂഹത്തില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക, ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക, നിര്‍ധനര്‍ക്കും
പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സേവനം നല്‍കുക എന്നിവയാണ് നിയമ സേവന ക്ലിനിക്കിന്റെ ലക്ഷ്യം.
കല്‍പ്പറ്റ ജില്ലാ നിയമ സേവന അതോറിറ്റിയുടെയും മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ഉച്ച രണ്ട് മുതല്‍ 3.30 വരെ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിയമ സേവന ക്ലിനിക്ക് പ്രവര്‍ത്തിക്കും. സൗജന്യ നിയമ സഹായം, സൗജന്യ നിയമോപദേശം, നിയമ ബോധവല്‍ക്കരണ പരിപാടികള്‍, ലോക് അദാലത്തുകള്‍, ഗ്രാമീണ നിയമസേവന കേന്ദ്രങ്ങള്‍ എന്നീ സേവനങ്ങള്‍ ഇവിടെനിന്ന് ലഭിക്കും.
പ്രത്യേക കോടതി ജില്ലാ ജഡ്ജിയും മാനന്തവാടി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുമായ
ടി ബിജു അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ കെ വര്‍ഗീസ്, മാനന്തവാടി നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, സബ് ജഡ്ജി സീനിയര്‍ ഡിവിഷന്‍ അനീഷ് ചാക്കോ എന്നിവര്‍ സംസാരിച്ചു.
നിയമസേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ബന്ധപ്പെടുക:
കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എറണാകുളം, ഫോണ്‍: 0484 2396717,
കല്‍പ്പറ്റ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ഫോണ്‍: 9497792588,
വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി 8281010262,
ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി 8304882641,
മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി 08281668101.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍