ചെട്ട്യാലത്തൂര്‍ നിവാസികളുടെ പുനരധിവാസം; താല്‍ക്കാലിക നടപടികളുടെ പട്ടിക തയ്യാറാക്കി ഓരോന്നായി നടപ്പാക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ നിവാസികളുടെ പുനരധിവാസ നടപടികളില്‍ ശാശ്വത തീരുമാനമാകുന്നത് വരെ കാത്തുനില്‍ക്കാതെ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെട്ട്യാലത്തൂര്‍ നിവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. 'പുനരധിവാസ വിഷയം സങ്കീര്‍ണ്ണവും ശാശ്വത പരിഹാരം കാണാന്‍ സമയം എടുക്കുന്നതുമാണ്. എന്നാല്‍ അതുവരെ കാത്തുനില്‍ക്കാതെ ആളുകളുടെ അടിയന്തിരമായ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഓരോന്നായി നടപ്പാക്കണം,' എംപി നിര്‍ദേശിച്ചു. ചെട്ട്യാലത്തൂരില്‍ റോഡ്, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കണം. പുനരധിവാസത്തിന്റെ പേരില്‍ 15 വര്‍ഷങ്ങളായി
ചെട്ട്യാലത്തൂരില്‍ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്ന് ജനം പരാതിപ്പെട്ടതായും എംപി പറഞ്ഞു.
ചെട്ട്യാലത്തൂരില്‍ നിന്ന് 107 പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും 16 ഗോത്രവര്‍ഗ കുടുംബങ്ങളും ഇതിനകം പുനരധിവസിക്കപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ അവിടെ കഴിയുന്ന പലരും സ്വന്തം ഭൂമിയിലല്ല. മഴക്കാലത്ത് വെള്ളം കയറി പലരേയും ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുന്നുണ്ട്. ഇതിന് പുറമെയാണ് വന്യജീവി ശല്യം. പുനരധിവാസത്തിന്റെ ഭാഗമായി മാറുന്നവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഭൂമിയില്‍ വീട് നിര്‍മാണ പ്രവൃത്തി തുടങ്ങാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ചെട്ട്യാലത്തൂരില്‍ നിന്ന് 10 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പുനരധിവാസത്തിന്റെ ഭാഗമായി നല്‍കേണ്ട 15 ലക്ഷം രൂപ അര്‍ഹരായ പലര്‍ക്കും ഇനിയും കിട്ടാനുണ്ടെന്ന് ഗീത എന്ന സ്ത്രീ പറഞ്ഞു. തങ്ങളുടെ ഇടത്തില്‍ നിന്ന് പോകുകയാണെങ്കില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചേ പോകുകയുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എംഎല്‍എമാരായ ടി സിദ്ധിഖ്, ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, വനം, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍