മഴക്കാല തയ്യാറെടുപ്പ്; വയനാടിനെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി; പട്ടികവര്‍ഗ വിഭാഗത്തിന് വേണ്ടി പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ അവരുടെ കണ്ണില്‍ കൂടി കാണേണ്ട തുണ്ട

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയില്‍ (ദിശ) സംസാരിക്കുകയായിരുന്നു എംപി.കാലാവസ്ഥ മൂലം സമാനമായ സാഹചര്യങ്ങള്‍ നേരിടുന്ന ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വയനാട്ടില്‍ നിന്ന് പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എംപി, ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവന്‍ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു.
ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകല്‍പന ചെയ്യണമെന്ന് എംപി നിര്‍ദേശം നല്‍കി. 'കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രകൃതിയ്ക്ക് അനുസൃതമായുള്ള ജീവിതരീതി നമ്മുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്,' പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
വിവിധ പദ്ധതികളില്‍ കേന്ദ്ര ഫണ്ട് ലഭ്യമാവാത്തതു മൂലമുള്ള പ്രതിസന്ധി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു. ജനങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ ലഭിച്ച പരാതികള്‍ എംപി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉന്നയിച്ചു.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍, മനുഷ്യവന്യമൃഗ സംഘര്‍ഷം, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ മറ്റ് പ്രശ്‌നങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരിയുമായും ചര്‍ച്ച ചെയ്‌തെന്ന് എംപി അറിയിച്ചു. പ്രദേശവാസികളുടെ അഭിപ്രായം പരിഗണിച്ച് ചൂരല്‍മലയിലെ ബെയിലി പാലത്തിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ അവര്‍ സന്തുഷ്ടി രേഖപ്പെടുത്തി. ദേശസാല്‍കൃത ബാങ്കുകളില്‍ ദുരന്തബാധിതരുടെ ലോണ്‍ എഴുതിത്തള്ളുന്ന വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു.
പദ്ധതികളുടെ പുരോഗതിയും ഇനി പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. കല്പറ്റ ജനറല്‍ ആശുപത്രിയ്ക്ക് ക്രിട്ടിക്കല്‍ കെയര്‍ കെട്ടിടം പണിയാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഭൂമി കണ്ടെത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അനുമതി തേടണം. വെള്ളമുണ്ടമോതക്കര റോഡ് പ്രവൃത്തി അടുത്ത മാസം പൂര്‍ത്തിയാകും.
രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലകളില്‍ വയനാടിന്റെ റാങ്ക് 112 ല്‍ നിന്ന് 10 ആയി ഉയര്‍ന്നത് എംപി പ്രശംസിച്ചു. എല്ലാം വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയ കല്പറ്റ നഗരസഭയെയും അഭിനന്ദിച്ചു. 202526 വര്‍ഷം എംപിലാഡ്‌സ് പദ്ധതിയില്‍ ജില്ലയില്‍ 17 പ്രൊപ്പോസല്‍ നല്‍കിയതില്‍ 23 ലക്ഷം രൂപയുടെ ഒരു പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അതോറിറ്റി, മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചയും എംപിയുടെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എമാരായ ടി സിദ്ധിഖ്, ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ നഗരസഭ അധ്യക്ഷന്‍ ടി ജെ ഐസക്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, ദിശ കണ്‍വീനര്‍ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍