പി.ടി. ജോണ്‍ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍

കല്‍പ്പറ്റ: ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പി.ടി. ജോണിനെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനായി നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അംഗീകരിച്ചതിനുശേഷം സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് നിയമനം പ്രഖ്യാപിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ച ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ജോണിന് കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് ചെയര്‍മാനായി നിയമനം. ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജോണ്‍ വീണ്ടും സജീവമാകുന്നതിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ദീര്‍ഘകാലമായി കോഴിക്കോടും വയനാടും കേന്ദ്രീകരിച്ചാണ് കര്‍ഷക, ആദിവാസി വിഷയങ്ങളില്‍ ജോണ്‍ ഇടപെടുന്നത്.
കെഎസ്‌യുവിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം സംഘടനയുടെ കോഴിക്കോട് സിറ്റി യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന റിസര്‍ച്ചര്‍, യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്, ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. 1982ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായിരുന്ന സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ട്രറഷറര്‍ ആയിരുന്ന ജോണ്‍ പിന്നീട് ജി. കാര്‍ത്തികേയന്‍ പ്രസിഡന്റായ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി. രമേശ് ചെന്നിത്തല പ്രസിഡന്റായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലും വൈസ് പ്രസിഡന്റായിരുന്നു.
കെപിസിസി അംഗവും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന ജോണ്‍ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചു. തൊഴിലാളി ശബ്ദങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് വിമതനായി ജനവിധി തേടിയതോടെ അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. കോണ്‍ഗ്രസ് നേതൃത്വം ജോണിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് പാര്‍ട്ടി നിയോഗിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയനുസരിച്ച് 1998ല്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ജോണ്‍ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കണ്ണയച്ചില്ല. തന്നെയുമല്ല, കോണ്‍ഗ്രസിന്റെ ജനാധിപത്യ വേരുകളില്‍നിന്നുള്ള വ്യതിചലനത്തോടുള്ള വിമര്‍ശനം അദ്ദേഹം തുടരുകയും ചെയ്തു.
രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ദക്ഷിണേന്ത്യന്‍ കോ ഓര്‍ഡിനേറ്ററായി 2020ല്‍ ജോണ്‍ ചുമതലയേറ്റിരുന്നു. ഒന്നാം ദേശീയ കര്‍ഷക പ്രക്ഷോഭത്തിനുശേഷം അദ്ദേഹം മഹാസംഘുമായി അകന്നു. ഇതിനുശേഷമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയിലെത്തിയത്. മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ കോര്‍പറേറ്റ് കൈമാറ്റങ്ങള്‍ എന്നു വിശേഷിപ്പിച്ച് ജോണ്‍ ശക്തമായാണ് എതിര്‍ത്തത്. മിനിമം സപ്പോര്‍ട്ട് െ്രെപസ് (എംഎസ്പി)എന്ന ആവശ്യവുമായി 2024 ഫെബ്രുവരിയില്‍ എസ്‌കെഎം നടത്തിയ നീക്കത്തില്‍ ജോണ്‍ പങ്കാളിയായി. 2025 മാര്‍ച്ച് 19ന് ശംഭുവിലും ഖനൗരിയിലും പഞ്ചാബ് പോലീസ് നടത്തിയ അടിച്ചമര്‍ത്തലിനിടെ അറസ്റ്റ് നേരിടേണ്ടിവന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടലിനുശേഷം മോചിതനായ അദ്ദേഹം അറസ്റ്റുകളെ വിയോജിപ്പിനെതിരായ ആക്രമണമായാണ് വിശേഷിപ്പിച്ചത്. എയ്‌റോസ്‌പേസ് പാര്‍ക്കിനു ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകയിലെ ദേവനഹള്ളില്‍ കര്‍ഷകരെ അണിനിരത്തിയും ദേശീയശ്രദ്ധ നേടിയിരുന്നു.
കോട്ടയം എസ്എച്ച് മൗണ്ട് പനമൂട്ടില്‍ പരേതനായ തോമസിന്റെയും അമ്മണിയുടെയും മകനാണ് ജോണ്‍. നിവില്‍ കോഴിക്കോട് ദേവഗിരിയിലാണ് താമസം. ഭാര്യ എലിസബത്തും ഡോ.ഷേഖ, ഫെബ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
jm5g7g