റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജ് ഈ അക്കാദമിക വര്‍ഷം തന്നെ തുടങ്ങിയത് സര്‍ക്കാരിന്റെ ഇച്ഛാശക്തി: മന്ത്രി ആര്‍ ബിന്ദു; കോളജില്‍ 102 വിദ്യാര്‍ത്ഥികള്‍ ഇതിനകം പ്രവേശനം നേടി; 7 അധ്യാപകരുടേത് ഉള്‍പ്പെടെ പുതിയ തസ

മാനന്തവാടി: തൃശ്ശിലേരിയില്‍ വരാന്‍ പോകുന്ന റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ മാനന്തവാടി ഗവ. കോളജില്‍ ഈ അക്കാദമിക വര്‍ഷം തന്നെ തുടങ്ങിയത് സര്‍ക്കാരിന്റെ ഇച്ച്ഛാശക്തിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു.റൂസ ഗവ. മോഡല്‍ ഡിഗ്രി കോളജിന്റെ അധ്യയന പ്രവര്‍ത്തനങ്ങളുടെയും മാനന്തവാടി ഗവ. കോളജിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് വകുപ്പുകളില്‍ ആരംഭിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മാനന്തവാടി ഗവ. കോളജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മോഡല്‍ കോളജ് കെട്ടിട നിര്‍മാണ തുകയുടെ 60% റൂസ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ കോളജിന്റെ ഭാവി വികസനത്തിനും അധ്യാപകഅനധ്യാപക ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നടത്തിപ്പിന്റെ എല്ലാ ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി. 2019 ല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കോളജ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചെങ്കിലും ഭൂമി സംബന്ധിച്ച് കേസ് വന്നതിനാല്‍ കെട്ടിടം പണി തുടങ്ങാനായില്ല. തുടര്‍ന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിട്ടുതന്ന 5 ഏക്കര്‍ ഭൂമിയിലാണ് കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളജില്‍ അനുവദിച്ച അഞ്ചു കോഴ്‌സുകളില്‍ മൂന്നെണ്ണം പുത്തന്‍ തലമുറ കോഴ്‌സുകളാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ബി എസ് സി സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സ്, ബി എസ് സി ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് റിമോട്ട് സെന്‍സിങ്, ബി കോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിങ് എന്നിവയാണിവ. ബി എ മലയാളം, ബി എ ഇംഗ്ലീഷ് എന്നിവയാണ് മറ്റ് രണ്ട് കോഴ്‌സുകള്‍.
കോളജില്‍ 7 സ്ഥിരം അധ്യാപകരുടേത് ഉള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ചെന്ന് പറഞ്ഞ മന്ത്രി കോളജ് കെട്ടിടത്തിന്റെ രൂപരേഖ എച്ച്എംഎല്‍ ലൈഫ്‌കെയര്‍ തയാറാക്കിയതായി അറിയിച്ചു. 102 വിദ്യാര്‍ത്ഥികള്‍ കോളജില്‍ ഇതിനകം പ്രവേശനം നേടിക്കഴിഞ്ഞു.
വയനാട് ജില്ലയെ സാമൂഹ്യപരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആദിവാസി വിഭാഗം ഉള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും എത്തേണ്ടതായുണ്ട്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടില്‍ 8 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹുദൂരം മുന്നോട്ടു പോയി. ഇതിനനുസൃതമായി അക്കാദമിക മികവ് ലക്ഷ്യമിട്ട് ചരിത്രത്തിലാദ്യമായി കരിക്കുലം പരിഷ്‌ക്കരണം വിജയകരമായി നടപ്പാക്കി. നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ യഥാര്‍ഥ്യമാക്കി. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താന്‍ അസാപ്പ് മുഖേന 150ഓളം നൈപുണി പോഷണ കോഴ്‌സുകള്‍ നടത്തിവരുന്നു.
സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പുത്തന്‍ ആശയവുമായി വരുന്ന വിദ്യാര്‍ത്ഥിക്ക് ഗവേഷണ പിന്തുണയുമായി 5 മുതല്‍ 25 ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ കെഡിസ്‌ക്കില്‍ രജിസ്റ്റര്‍ ചെയ്തു, നൈപുണി പരീക്ഷക്ക് വിധേയമായശേഷം തങ്ങളുടെ നൈപുണി മേഖല തിരിച്ചറിഞ്ഞു, അത് മെച്ചപ്പെടുത്തി തൊഴില്‍ മേഖലയ്ക്ക് അനുയോജ്യരായി മാറണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മുണ്ടക്കൈചൂരല്‍മല ദുരന്തവേളയില്‍ മാനന്തവാടി ഗവ. കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ചെയ്ത സേവനത്തെ മന്ത്രി അഭിനന്ദിച്ചു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷനായി.
മോഡല്‍ ഡിഗ്രി കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ പി സുധീര്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, വാര്‍ഡ് മെമ്പര്‍ ലിസി ജോണി, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ ടി ചന്ദ്രമോഹന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ ടി വിനു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. സുനില്‍ ജോണ്‍ ജെ സ്വാഗതവും മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ സലാം കെ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍