ഏഴുലിറ്റര്‍ ചാരായവുമായി കര്‍ണാടക സ്വദേശികള്‍ പിടിയില്‍

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിന്റെ നേതൃത്വത്തില്‍ ബോയ്‌സ് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ ഏഴു ലിറ്റര്‍ ചാരായവുമായി രണ്ടു കര്‍ണാടക സ്വദേശികള്‍ പിടിയിലായി. വീരാജ്‌പേട്ട കുടക് ബഡഗരകേരി ബല്ലിയമടേരിയ ഹൗസില്‍ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസില്‍ ബി.കെ. സമ്പത്ത് (50) എന്നിവരേയാണ് അറസ്റ്റു ചെയ്തത്. മിനറല്‍ വാട്ടറിന്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവില്‍ വാഹനം നിര്‍ത്തിയപ്പോള്‍ അടുത്തെത്തിയ ആള്‍ അയ്യായിരം രൂപ വാങ്ങി ചാരായം നല്‍കിയെന്നാണ് പിടിയിലായവര്‍ പോലീസിനു നല്‍കിയ മൊഴി. ഇതുസംബന്ധിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറസ്റ്റു ചെയ്തവരെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐ പി.കെ. പ്രകാശന്‍, എഎസ്‌ഐ റോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.പി. റിയാന്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി.എസ്. വിനീത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍