ചൂരല്‍മല പുനര്‍നിര്‍മാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങള്‍: റവന്യൂ മന്ത്രി കെ രാജന്‍;ഒരു വീടിന് 31.5 ലക്ഷമാണ് (ജിഎസ്ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് ഒരു വീടിന് 22 ലക്ഷം രൂപ

കോട്ടയം: ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിനെതിരേ ചിലരുയര്‍ത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കരിവാരിത്തേക്കാന്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിതവും അന്തസ്സുള്ളതും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് ഈ പദ്ധതി.
ഉരുള്‍പൊട്ടലിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരള സര്‍ക്കാര്‍ മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യ മാതൃകാഭവനം അനാച്ഛാദനം ചെയ്തു. ഇത് ഒരു നാഴികക്കല്ല് മാത്രമല്ല, ദുരന്ത ബാധിതരോടു സര്‍ക്കാര്‍ കാണിക്കുന്ന അനുകമ്പ, സാങ്കേതിക മികവ്, ഉത്തരവാദിത്തം എന്നിവയുടെ വിജയവുമാണെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘവീക്ഷണമുള്ളതും സംയോജിതവുമായ മോഡല്‍ ടൗണ്‍ഷിപ്പ് പരമ്പരാഗത ഭവനപദ്ധതികളില്‍നിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. അങ്കണവാടി. ആരോഗ്യകേന്ദ്രം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ കം ദുരന്ത നിവാരണ അഭയകേന്ദ്രം, മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം, ദുരന്തത്തില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സ്മാരകം തുടങ്ങിയ സൗകര്യങ്ങളുടെ പിന്തുണയുള്ള 410 വീടുകളാണ് നിര്‍മിക്കുന്നത്. സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട്. പൊതു ഇടങ്ങള്‍, റോഡുകള്‍, ചെക്ക് ഡാം പാലങ്ങള്‍, കലുങ്കുകള്‍, പൊതു ശൗചാലയങ്ങള്‍, തെരുവുവിളക്കുകള്‍ തുടങ്ങിയ ദീര്‍ഘകാല സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ആധുനിക നിര്‍മാണം പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ടൗണ്‍ഷിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ടൗണ്‍ഷിപ്പിലുള്ള റോഡുകള്‍ക്കാകെ 11 കിലോമീറ്ററിലധികം നീളമുണ്ട്. 7.5 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ സംഭരണി, 2.5 ലക്ഷം ലിറ്റര്‍ ഓവര്‍ഹെഡ് ടാങ്ക് എന്നിവയിലൂടെ ജലലഭ്യത ഉറപ്പാക്കുന്നു.
ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. സിറ്റൗട്ട്, ലിവിംഗ് ആന്‍ഡ് ഡൈനിംഗ് ഏരിയ, രണ്ടു കിടപ്പുമുറികള്‍,രണ്ട് ബാത്ത് റൂമുകള്‍,അടുക്കള, വര്‍ക്ക് ഏരിയ, പഠനത്തിനുള്ള സ്ഥലം എന്നിവയുണ്ട്.
പെയിന്റ് മുതല്‍ വാതിലുകള്‍ വരെ അഞ്ചു മുതല്‍ 20 വര്‍ഷം വരെ വാറണ്ടിയുള്ള സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. എല്ലാ വീടുകള്‍ക്കും അഞ്ചു വര്‍ഷത്തെ സിവില്‍, മൂന്നുവര്‍ഷത്തെ എം.ഇ.പി. ഡിഫക്ട് ലയബിലിറ്റി വാറന്റിയുമുണ്ട്.
പദ്ധതി നടപ്പാക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിനും ലൈസന്‍സുള്ള എഞ്ചിനീയര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്നു. ഉപയോഗിക്കുന്ന ഓരോ നിര്‍മാണ സാമഗ്രികളും അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. സ്‌ളംപ് ടെസ്റ്റുകള്‍, ക്യൂബ് ടെസ്റ്റുകള്‍, അള്‍ട്രാസോണിക് / റീബൗണ്ട് ഹാമര്‍ ടെസ്റ്റുകള്‍ എന്നിവയിലൂടെ കോണ്‍ക്രീറ്റ് ഗുണനിലവാരം ഉറപ്പാക്കുന്നു.
വീടുകളുടെ നിര്‍മാണച്ചെലവിനേക്കുറിച്ച് അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നത്. ഡി.എസ്.ആര്‍ 2021 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക എസ്റ്റിമേറ്റില്‍ ഒരു വീടിന് 31.5 ലക്ഷം രൂപയാണ് (ജിഎസ്ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഒരു വീടിന് 22 ലക്ഷം രൂപ (ജിഎസ് ടി ഒഴികെ) എന്ന നിരക്കിലാണ്. അതായത് സാങ്കേതിക എസ്റ്റിമേറ്റില്‍നിന്ന് 30 ശതമാനം കുറവിലാണ് കരാര്‍ നല്‍കിയത്.
പൂര്‍ത്തിയായ മാതൃകാ വീട് സന്ദര്‍ശിച്ച ഗുണഭോക്താക്കള്‍ ഒന്നടങ്കം നിര്‍മാണ ഗുണനിലവാരം, രൂപകല്‍പ്പന, സൗകര്യങ്ങള്‍ എന്നിവയേക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍