ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു

വൈത്തിരി: വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തളിപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍പ്പെട്ടയാളെ ലഹരിക്കേസില്‍ ഉള്‍പ്പെടുത്തി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം കൈക്കൂലിവാങ്ങിയെന്ന പരാതിയില്‍ വൈത്തിരി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കെ.വി സ്മിബിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.മാര്‍ച്ച് 28നായിരുന്നു അപകടം. സജീദ് എന്ന വ്യക്തി ഓടിച്ചു വന്ന കാര്‍ സ്വകാര്യ ബസ്സില്‍ ഇടിക്കുകയും സജീദിന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സജീദിനെ ഡോക്ടര്‍ പരിശോധിക്കവെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഹുക്ക പോലുള്ള സാധനം, ലഹരി ഗുളിക, കഞ്ചാവ് പോലുള്ള ഉണങ്ങിയ ഇല ചുരുട്ടിയ കെട്ടും പോക്കറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. അപകടത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരവെ വാഹനാപകടം മാത്രമല്ല, മയക്കുമരുന്ന് കേസില്‍കൂടി ഉള്‍പ്പെടുത്തി ഉള്ളിലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സജീദിന്റെ പാര്‍ട്ണറില്‍
നിന്നും മൂന്ന് ഘട്ടങ്ങളിലായി സ്മിബിന്‍ ഒന്നര ലക്ഷം വാങ്ങിയതായി മാനന്തവാടി ഡി വൈ എസ് പിയുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
ആയത് ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും പോലീസിന്റെ അന്തസ്സിന് കളങ്കം വരുത്തുന്നതുമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് സ്മിബിനെ സസ്‌പെന്റ് ചെയ്തത്. ഇയ്യാള്‍ക്കെതിരെ തുടരന്വേഷണത്തിന് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മുന്‍പ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ ഗണ്‍ മാനായിരുന്ന സ്മിബിന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവ സമയം പോലീസിനെ മര്‍ദിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. പിന്നീടാണ് വൈത്തിരി സ്‌റ്റേഷനില്‍ സിപിഒ ആയി സേവനം തുടങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍