വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരല്‍മല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരല്‍മല ദുരന്തത്തില്‍ ഇരയായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദ് (28) ആണ് വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ആം തിയതി നടന്ന ചൂരല്‍മല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാള്‍ ലൈംഗിക പരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റാഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്‍പ്പറ്റയില്‍ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു പോസ്റ്റുകള്‍ നടത്തിയത്. കല്‍പ്പറ്റ എസ്കെഎംജെ സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്കിയ പരാതിയില്‍ കേസ് എടുത്ത പോലീസ് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
പോലീസ് സംഘത്തില്‍ എസ്. സി. പി ഒ മാരായ അബ്ദുല്‍ സലാം കെ. എ, നജീബ് ടി. സി. പി. ഒ. മാരായ രഞ്ജിത്ത് സി. വിനീഷ സി. പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ കല്‍പ്പറ്റ സിജെഎം കോടതിയില്‍. ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സോഷ്യല്‍. മീഡിയ അക്കൗണ്ടുകള്‍ വഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു..


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍