കമ്പി കാലില്‍ തുളച്ചുകയറിയ അഞ്ചാംക്ലാസ്‌കാരന് അഗ്‌നിശമനസേന തുണയായി

തുടയില്‍ തുളച്ചുകറിയ 8mm കമ്പി കട്ടറുപയോഗിച്ച മുറിച്ച് നീക്കി ; ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചകുട്ടി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു
നീര്‍വാരം ഗവണ്‍മെന്റ് ഹൈസ്്ക്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ പികെ സുധീഷിനാണ് സ്‌ക്കൂള്‍ പരിസരത്ത് കളിക്കുന്നതിനിടെ അപകടം പറ്റിയത്. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് കളിക്കിടെ വീണപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന 8 എംഎം കമ്പി കുട്ടിയുടെ തുടയില്‍ തുളച്ചുകയറുകയായിരുന്നു. ഏകദേശം പത്ത് സെന്റിമീറ്ററോളം കാലില്‍ തുളച്ചുകയറിയ കമ്പി അഗ്നിശമന സേനാംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ മുറിച്ചുനീക്കുകയും കുട്ടിയെ ഉടനടി ജില്ലാശുപത്രിയിലെത്തിക്കുകയുമായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ കുട്ടി സുഖം പ്രാപിച്ചുവരുന്നു.
കാലില്‍ തുളഞ്ഞുകയറിയ കമ്പി ഇളക്കിമാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ സ്‌ക്കൂള്‍ അധികൃതര്‍ മാനന്തവാടി ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെട്ടെന്നുതന്നെ ഹൈഡ്രൂളിക് കട്ടിംഗ് മോട്ടോര്‍ ഉപയോഗിച്ച് കമ്പി മുറിച്ചുനീക്കുകയും കുട്ടിയെ ജില്ലാശുപത്രിയിലെത്തിക്കുകയും ചെയ്തു. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടയില്‍ തുളച്ചുകയറിയ കമ്പിക്കഷണം നീക്കം ചെയ്യുകയും ചെയ്തു. വലിയസങ്കീര്‍ണ്ണമല്ലാത്ത രീതിയിലാണ് കമ്പി ശരീരഭാഗത്തുകയറിയതെന്നും അതുകൊണ്ടുതന്നെ സര്‍ജറിക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചു വരുന്നതായും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍വ്യക്തമാക്കി.
നിരവധി പ്രതിസന്ധികളിലുടെ കടന്നുപോകുന്ന മാനന്തവാടിയിലെ അഗ്‌നിശമന സേനാംഗങ്ങളുടെ ആത്മാര്‍ത്ഥതയും, മനസാന്നിധ്യവുമാണ് കുട്ടിയെപെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കുവാന്‍ വഴിയൊരുക്കിയത്. കമ്പി മുറിച്ചുനീക്കണമെന്ന് ഉടനടി തീരുമാനമെടുക്കുകയും താമസംവിനാ അത് നടപ്പിലാക്കുകയും ചെയ്തത് മൂലം വേദനയില്‍ പുളയുകയായിരുന്ന കുട്ടിക്ക് എളുപ്പം ചികിത്സ ലഭ്യമാകാന്‍ വഴിയൊരുക്കി. മാനന്തവാടി ഫയര്‍സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ഇ കുഞ്ഞിരാമന്‍, ലീഡിംഗ് ഫയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍മാന്‍മാരായ വിപി വിനോദ്, സിയു പ്രവീണ്‍, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ ഇജെ മത്തായി, എംആര്‍ രതീഷ്, ഹോംഗാര്‍ഡ് ഷിബു, അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് നിര്‍വാരം സ്്ക്കൂളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം കുട്ടിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍