സാമൂഹികക്ഷേമ മേഖലയില്‍ നീതി ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്; സംസ്ഥാനതല സിപോസിയം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക ക്ഷേമ മേഖലയില്‍ നീതിബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. സംസ്ഥാന കുടുംബശ്രീ മിഷന്റെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷവും സംസ്ഥാനതല സിംപോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകള്‍ക്ക് സമത്വ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രായോഗികവും നിയമപരവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹിക ഭരണ ആരോഗ്യ ജനകീയ രംഗങ്ങളില്‍ വനിതകള്‍ സാര്‍വ്വത്രിക ഇടപെടല്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സംരംഭങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രാധാന്യം ഉറപ്പാക്കുന്നുണ്ട്. ജില്ലയില്‍ 1.5 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതിജീവനത്തിന്റെ യഥാര്‍ഥ പാത സ്ത്രീ ശാക്തീകരണമാണെന്ന് പരിപാടിയില്‍ അധ്യക്ഷനായി എം.എല്‍.എ ടി.സിദ്ദിഖ് പറഞ്ഞു. ലഹരിക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന് കുടുംബശ്രീക്ക് നിര്‍ണ്ണായക പങ്കാളിത്തം വഹിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. വനിതകള്‍ക്കായുള്ള പോരാട്ടം ഒരു ദിനത്തില്‍ മാത്രമായി ഒതുങ്ങരുതെന്നും സ്ത്രീകളുടെ ലക്ഷ്യത്തിന് സമൂഹവും കുടുംബവും ഒറ്റക്കെട്ടായി സഹകരിക്കുമ്പോഴാണ് വിജയം കൈവരിക്കാന്‍ കഴിയുകയെന്നും ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പറഞ്ഞു. പരിപാടിയില്‍ എഴുത്തുകാരികളായ എസ്. ധനുജ കുമാരി, ഷീല ടോമി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി. രോഷ്നി എന്നിവരെ മന്ത്രി ആദരിച്ചു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച ജില്ലയിലെ വനിതാ പ്രതിഭകളെ മന്ത്രി ആദരിച്ചു. ബാലസഭാംഗങ്ങള് തയ്യാറാക്കിയ പുസ്തകം കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ വികസന മാതൃക കല്‍പ്പറ്റ നഗരസഭാ ചെയര്മാന് അഡ്വ. ടി.ജെ ഐസക്ക് പ്രകാശനം ചെയ്തു. എം.എല്‍.എ ടി സിദ്ദിഖ് അധ്യക്ഷനായ പരിപാടിയില്‍ കുടുംബശ്രീ മിഷന് ഡയറക്ടര്‍ കെ.എസ് ബിന്ദു, സംസ്ഥാന കുടുംബശ്രീ മിഷന് പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത്, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്, സിഡിഎസ് ചെയര്പേഴ്സണ്മാര്, അയല്‍ക്കൂട്ടം അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍