20 ലക്ഷത്തില്‍ താഴെയുള്ള പ്രവൃത്തികള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം:മന്ത്രി. കെ.ടി.ജലീല്‍

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്യാനായി ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ തേടും.20 ലക്ഷത്തില്‍ താഴെ അടങ്കലടങ്ങിയ പ്രോജക്ടുകള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം. ജില്ലയിലെ നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഓരേ സമയം പരിസ്ഥിതിവാദിയും വികസനവാദിയും ആവാന്‍ പാടില്ല. നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവും കരാറുകാരുടെ നിസ്സഹകരണവും ഉദ്യോഗസ്ഥരുടെ കുറവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതിക്ക് തടസ്സമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികള്‍ യഥാസമയത്ത് പൂര്‍ത്തികരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അവതാളത്തിലാവരുത്. തദ്ദേശ സ്ഥാപനങ്ങള്‍ നൂതന പ്രോജക്ടുകള്‍ തയ്യാറാക്കണം. പശ്ചാതല സൗകര്യ വികസനം മാത്രമല്ല വികസനം. മാലിന്യസംസ്‌ക്കരണവും തെരുവ് നായകളുടെ ഭീഷണിയും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. ഒരോ ബ്ലോക്കിലും വാതക ശ്മശാനങ്ങള്‍, തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുളള കേന്ദ്രങ്ങള്‍ , ആധുനിക അറവ്ശാലകള്‍ എന്നിവ വേണം. തെരുവ് നായകളെ കൊല്ലുകയല്ല വേണ്ടത്. അവയുടെ വംശവര്‍ദ്ധനവ് തടയുക എന്നതാണ് പ്രായോഗിക വഴി. ഇതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ താല്‍പര്യവും ജാഗ്രതയും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് ചെറിയ കഷ്ണങ്ങളാക്കി പുനരുപയോഗ സാധ്യമാക്കുന്നതിനുളള യൂണിറ്റുകള്‍ സ്ഥാപിക്കണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ റോഡ് ടാറിങ്ങിന് ഉപയോഗിക്കാന്‍ കഴിയും. എഞ്ചിനിയര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തണം.
ലൈഫ് പദ്ധതി കേരളത്തിന്റെ മുഖം മാറ്റും
ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് അഞ്ചര ലക്ഷത്തിലധികം അപേക്ഷകരുണ്ട്. ഭവനരഹിതര്‍ക്ക് വീട് നല്‍കുയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഇതൊരു തുടര്‍പ്രക്രിയയാണ്. മുന്‍കാല ഭവനപദ്ധതികള്‍ വീഴ്ച കൂടാതെ നടപ്പാക്കിയിരുന്നെങ്കില്‍ ഇത്രയും ഭവനരഹിതര്‍ ഉണ്ടാകുമായിരുന്നില്ല. സംസ്ഥാനത്ത് അഗതികേരള സര്‍വ്വേ തുടങ്ങിയിട്ടുണ്ട്. 2018 ജനുവരി 1 ന് ശേഷം ഭക്ഷണം,മരുന്ന്,പഠനോപകരണങ്ങള്‍ തുടങ്ങിയവ കിട്ടാത്തവരായി ആരും ഉണ്ടാകാന്‍ പാടില്ല.വിവിധ പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ രാഷ്ട്രീയം നോക്കരുത്. പൂര്‍ണ്ണമായും അര്‍ഹതയാണ് പരിഗണിക്കേണ്ടതെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണം
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ ഉത്തരവുകളാണ് പാലിക്കേണ്ടത്. മറ്റ് വകുപ്പിന്റെ കാര്യങ്ങള്‍ അവര്‍ നോക്കും .സര്‍ക്കാര്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ലക്ഷ്യം തെറ്റിക്കരുത്. സര്‍ക്കാരിന്റെ പുതിയ ഭേദഗതികളെ കുറിച്ച് കൃത്യമായ ധാരണ ഉദ്യോഗസ്ഥര്‍ക്ക് വേണം.ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്നും മുന്തിയ പരിഗണന നല്‍കണം. കെട്ടിട നിര്‍മ്മാണ നിയമത്തില്‍ സമൂല മാറ്റം വരുത്തും. നിര്‍മിച്ചിട്ടുളള മുഴുവന്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കും. കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് കാലാവധി എടുത്ത് കളഞ്ഞ് നിക്ഷേപ സൗഹൃദമാക്കും. കെട്ടിട പെര്‍മിറ്റ് ലഭിക്കുന്നതിനുളള അപേക്ഷ സമര്‍പ്പിക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. പെര്‍മിറ്റ് ലഭിക്കുന്നതിനുളള കാലതാമസം ഇതോടെ ഒഴിവാകും. വിവിധ കാരണങ്ങളാല്‍ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് പകരം പിഴ ചുമത്തി ക്രമപ്പെടുത്തും. ഇത്തരത്തിലുള്ള പിഴയുടെ അമ്പത് ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുളളില്‍ കേരളത്തിന് സ്ഥാനം പിടിക്കാന്‍ കഴിയും.
കരാറുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല
കരാറുകാരുടെ സമ്മര്‍ദ്ദത്തിന് ഒരു തരത്തിലും സര്‍ക്കാര്‍ വഴങ്ങില്ലെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ജില്ലയുടെ കോസ്റ്റ് ഇന്‍ഡക്‌സ് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കും. ഒരു പഞ്ചായത്തില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനിയര്‍, രണ്ട് ഓവര്‍സിയര്‍ തസ്തികള്‍ കൂടി അധികമായി സൃഷ്ടിക്കും.തദ്ദേശിയരായ ജീവനക്കാരെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ജില്ലയുടെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാന്‍ കഴിയുകയുളളു. അതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി പരിശീലന സെന്ററുകള്‍ തുടങ്ങാം.എസ്.സി, എസ്.ടി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന പരാതിയുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.കെ.ബാലന്‍, ഗ്രാമവികസന കമ്മീഷണര്‍ ഷൗക്കത്തലി, എ.ഡി.എം. കെ.എം.രാജു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി.സി.മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമ ബ്ലോക്ക് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഐ.കെ.എം. ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms