അദാലത്തുകള്‍ മാതൃകാപരം; പരാതികള്‍ പരിഹരിക്കും: മന്ത്രി ഒ.ആര്.കേളു
മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ മാനന്തവാടി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികള്‍ കൂട്ടത്തോടെ പരിഹരിക്കാനും ഫയലുകള്‍ തീര്‍പ്പാക്കാനുമായാണ് സര്‍ക്കാര്‍ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് വരികയാണ്. അതോടൊപ്പം തന്നെയാണ് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈത്താങ്ങും എന്ന പേരില്‍ അദാലത്തുകളും നടത്തുന്നത്. പരാതികള്‍ ചെറുതായാലും വലുതായാലും ജനങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഒട്ടേറെ ജീവല്‍ പ്രശ്നങ്ങളില്‍ പരാതികളുടെ പരിഹാരം മുന്നോട്ട് പോകാനുള്ള കരുത്താണ്. ഓഫീസുകളിലെത്തുന്നവരുടെ പ്രശ്നങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ തീര്‍പ്പാക്കാനുള്ള ശ്രമം ഉണ്ടാകണം. സര്‍ക്കാര്‍ ഓഫീസുകള്‍ സേവനത്തിന്റെ മാതൃകയാവണമെന്നും മന്ത്രി ഒ.ആര്.കേളു പറഞ്ഞു.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധിരാധാകൃഷ്ണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്, എ,ഡി.എം കെ.ദേവകി തുടങ്ങിയവര്‍ സംസാരിച്ചു.
കാത്തിരിപ്പ് സഫലം അരുന്ധതിക്ക് പട്ടയം
നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പട്ടയം മില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങള്‍ക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘ ശ്രീയില്‍ നിന്നും എട്ട് സെന്റ് സ്ഥലത്തിന്റെ പട്ടയം അരുന്ധതി ഏറ്റുവാങ്ങി. അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശെല്വന് മരിച്ചു. അദ്ദേഹത്തിന്റെ കൂടി സ്വപ്നമായിരുന്നു സ്വന്തം ഭൂമിയുടെ പട്ടയ രേഖ. മാനന്തവാടി താലുക്കില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്. അധികൃതര്‍ സ്ഥലം പരിശോധിച്ച് പട്ടയം നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനി വീട് എന്ന ആഗ്രഹം പൂര്‍ത്തിയാക്കണം. ജില്ലാ കളക്ടറില്‍ നിന്നും പട്ടയം സ്വീകരിച്ച് അരുന്ധതി പറഞ്ഞു.
അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍ പരിശോധിക്കും
അരിവാള്‍ രോഗികള്‍ക്ക് ജില്ലയില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങള്‍ പരിഗണിക്കും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളുടെ ലഭ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ പറഞ്ഞു. മാനന്തവാടി താലുക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ അരിവാള്‍ രോഗികളുടെ അസോസിയേഷന് നല്കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി. മധ്യപ്രദേശ് മാതൃകയില്‍ ഇവിടെയും സിക്കിള്‍ സെല്‍ മാനേജ്മെന്റ് നടത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ് ലൈന്‍സ് /പ്രോട്ടോക്കോള്‍ ഇവിടെയും യഥാര്‍ത്ഥ്യമാക്കണം. തദ്ദേശീയരായ മുഴുവന്‍ രോഗികളെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കണം. രോഗികള്‍ക്ക് മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും വയനാട് മെഡിക്കല്‍ കോളേജില്‍ അനുവദിച്ച സിക്കിള്‍ സെല്‍ യൂണിറ്റ് ഉടന്‍ തുടങ്ങണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
അബ്ദുറഹ്മാന്റെ കടമുറിക്ക് നമ്പറും ലൈസന്‍സും
മാനന്തവാടി താലൂക്കിലെ തോട്ടാന്‍ വീട്ടില്‍ അബ്ദുറഹ്മാന് നഗരസഭാ പരിധിയിലെ സര്‍വ്വെ 301/351 നമ്പറിലുള്‍പ്പെട്ട ഒരു സെന്റ് സ്ഥലത്തെ കടമുറിക്ക് നമ്പര്‍ ലഭ്യമാക്കാന്‍ അദാലത്തില്‍ നിര്‍ദേശം. മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തിലെ റോഡ് വികസനത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ച് മാറ്റി റോഡിനാവശ്യമായ വീതി കൂട്ടുകയായിരുന്നു. റോഡ് നവീകരണത്തിനായി വിട്ട് നല്കിയ പൊളിച്ച കെട്ടിടങ്ങളുടെ മറ്റു ഭാഗങ്ങള്‍ നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതുക്കി പണിയുകയും ചെയ്തു. റോഡും ഓവുചാലും രണ്ടരയടി ഉയര്‍ത്തി നിര്‍മ്മിച്ചതിനാല്‍ നവീകരിച്ച കടയുടെ ഉയരവും ഉയര്‍ത്തേണ്ടി വന്നു. കടയുടെ സുരക്ഷിതത്വം പരിഗണിച്ച് മുന്‍ഭാഗം ഷീറ്റും ആഗ്ലറും ഉപയോഗിച്ച് ബലപ്പെടുത്തി. നഗരസഭയുടെ പെര്‍മിറ്റ് എടുക്കാതെ കെട്ടിടത്തിന്റെ മേല്‍ഭാഗം ബലപ്പെടുത്തിയതിനാല്‍ നഗരസഭ സ്റ്റേ നല്കി. തുടര്‍ന്ന് കടയുടെ ലൈസര്‍സ് പുതുക്കാനും കച്ചവടം ആരംഭിക്കാനും ഇത് വരെ സാധിച്ചിട്ടില്ലെന്ന പരാതിയുമായാണ് അബ്ദുറഹ്മാന് അദാലത്തില്‍ എത്തിയത്. അപേക്ഷയില്‍ കെട്ടിട നിയമ പ്രകാരം റെഗുലറൈസേഷന് നടപടി സ്വീകരിച്ച് നിയമാനുസൃതമായ ഫീസ് ഈടാക്കി കെട്ടിട നമ്പര്‍ നല്കാന് മാനന്തവാടി നഗരസഭാ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
ജെസിന് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്ത് നല്‍കും
സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട പരാതിയുമായി എത്തിയ ജെസിന് ആശ്വാസ നടപടി. പയ്യമ്പള്ളി സ്വദേശി ജെസിന് വര്‍ഗ്ഗീസിന്റെ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുകള്‍ യാത്ര മധ്യേ നഷ്ടമാവുകയും തുടര്‍ന്ന് ജെസിന്റെ തുടര്‍പഠനവും മറ്റ് ആവശ്യങ്ങളും സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ സാധിക്കാതായതോടെയാണ് അപേക്ഷയുമായി അദാലത്തില്‍ എത്തിയത്. അപേക്ഷ പരിശോധിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പരീക്ഷാ ഭവന് കൈമാറി സമയബന്ധിതമായി തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
നുസ്റത്തിന് വഴി ഉറപ്പാക്കും താലൂക്ക്തല അദാലത്തില്‍
തൃശ്ശിലേരി വില്ലേജിലെ മുളിയന്‍ വീട്ടില്‍ നു സ്റത്തിന് അയല്‍വാസി വഴി തടയുന്നത് കൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു പോകുവാന്‍ വഴിയില്ലെന്നു കാണിച്ച് നല്കിയ പരാതിയില്‍ ശാശ്വത പരിഹാരം നിര്‍ദ്ദേശിച്ച് മന്ത്രി ഒ.ആര് കേളു. തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി മുഖേന ഭൂരഹിത - ഭവനരഹിത ആനൂകൂല്യ പ്രകാരം വീട് നിര്‍മ്മിച്ച് 11 വര്‍ഷക്കാലമായി പ്രദേശത്ത് താമസിക്കുകയാണ് പരാതിക്കാരി. ഇ.എം.എസ് ഭവന നിര്‍മ്മാണ നിയമ പ്രകാരം ബന്ധപ്പെട്ട ഭൂമിയിലേക്ക് നടവഴിയോ റോഡോ നിര്‍ബന്ധമാണ്. അയല്‍വാസി പൊതുവഴി കയേറുകയും നടവഴിയായ ഉപയോഗിക്കുന്ന സ്ഥലത്ത് നടപ്പാത നല്‍കാത്തതാണ് പരാതി. പരാതിയില്‍ താലൂക്ക് സര്‍വ്വെയര്‍ മുഖേന സ്ഥലം അളന്ന് തിട്ടപ്പെടുത്താനും പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നടവഴി വിട്ടു നല്‍കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മന്ത്രി നിര്‍ദ്ദേശം നല്കി.
അപകടാവസ്ഥയിലുള്ള മരം മുറിക്കാന്‍ ഉത്തരവ്
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ തരുവണ- നിരവില്‍പ്പുഴ പൊതുമരാമത്ത് വിഭാഗം റോഡില്‍ നിരവില്പ്പുഴയ്ക്ക് പോകുമ്പോള്‍ റോഡിന്റെ വലത് ഭാഗത്ത് അപകടാവസ്ഥയിലുള്ള കരിമുരിക്ക് മുറിച്ച് മാറ്റാന്‍ മാനന്തവാടി താലൂക്ക്തല അദാലത്തില്‍ മന്ത്രി അറിയിച്ചു. കാല് നടയാത്രക്കാര്‍, സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ നിരന്തമയായി സഞ്ചരിക്കുന്ന വഴിയരികില്‍ അപകടമാവും വിധം നില്ക്കുന്ന മരം അടിയന്തിരമായി മുറിച്ച് മാറ്റാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി ചുമതല നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍