കരുതലും കൈത്താങ്ങും അദാലത്ത്; 336 പരാതികള്‍ 194 പുതിയ പരാതികള്‍
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തില്‍ പുതിയ പരാതികള്‍ കൂടി. മുന്‍കൂട്ടി ലഭിച്ച 142 പരാതികള്‍ക്ക് പുറമെ 194 പരാതികളാണ് അദാലത്ത് ദിവസം അദാലത്തിന്റെ പരിഗണനയിലേക്കായി വന്നത്. ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ 14 പരാതികള്‍ പരിഗണിക്കേണ്ട വിഷയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ നിരസിച്ചു. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ 80 പരാതികള്‍ പരിഹരിച്ചു. 48 പരാതികള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കരുതലും കൈത്താങ്ങും അദാലത്തില്‍ പരാതി പരിഹാരത്തിനായി നാല് കൗണ്ടറുകളാണ് ഒരുക്കിയത്. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്, ഒ.ആര്.കേളു എന്നിവര്‍ക്ക് പുറമെ ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ കൂടി പൊതുജനങ്ങളില്‍ നിന്നുമുള്ള പരാതികള്‍ പരിഗണിച്ചു.
പ്രാഥമികതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ വേര്‍തിരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയ്ക്കായി വന്നത്. വിവിധ വകുപ്പ് തലത്തില്‍ സംയുക്ത നടപടികള്‍ ആവശ്യമായ നടപടികളും പരിഗണിച്ചിരുന്നു. വഴി തര്‍ക്കങ്ങള്‍, വൈദ്യുതി കിട്ടാത്ത പ്രശ്നം തുടങ്ങിയ പരാതികളും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പരിഹരിക്കാന്‍ കഴിയുന്ന വിഷയത്തിലും ഈ ഡെ്സ്കുകളില് നിന്നും പരിഹാരമായി. കുറ്റമറ്റ രീതിയിലാണ് അദാലത്ത് ക്രമീകരിച്ചത്. ഹെല്‍പ്പ് ഡെസ്ക് അടക്കും ഇവിടെ സജ്ജീകരിച്ചിരുന്നു.
പരിസ്ഥിതി മലിനീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ
പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സ്റ്റോപ് മെമ്മേ നല്കാന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കി. സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പുറക്കാടി വില്ലേജിലെ 12 -ാം വാര്‍ഡ് 436 നമ്പര്‍ പ്രണവ് പാലസ് വീട്ടിലെ എം. പീതാംബരന്റെ പരാതിയിലാണ് നിര്‍ദ്ദേശം. പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയില്‍ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കര്‍ശന നിര്‍ദ്ദേശം നല്കി സ്ഥാപനത്തിന്റെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. അപേക്ഷകന്റെ വീടിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപില്‍ നിന്നും ദുര്‍ഗന്ധം, പുക, ശബ്ദ മലിനീകരണം ഉണ്ടാവുന്നതായും ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെ അറിയിക്കുകയും യാതൊരും നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി. വര്‍ക്ക് ഷോപ്പിലെ സ്പ്രേ പെയിന്റിങ് പ്രവൃത്തികള്‍ പാടില്ലെന്നും ഓയില്‍ കലര്‍ന്ന തുണികള്‍, മറ്റ് വസ്തുക്കള്‍ കത്തിക്കാന്‍ പാടില്ലെന്നും 2016- ലെ നിയമം അനുശാസിച്ച് വസ്തുക്കള്‍ സംസ്കരിക്കാനും അറിയിച്ച് കത്ത് നല്കി. 30 വര്‍ഷത്തിലേറെയായി പ്രദേശത്ത് താമസിക്കുന്ന പിതാംബരന് അനുകൂലമായ നടപടി ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി വേണ്ട നിര്‍ദേശം നല്‍കാനും അദാലത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
കടപുഴകി വീണ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദ്ദേശം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പാളക്കൊല്ലിയില്‍ കുഴിക്കാട്ടില്‍ പതിനാറാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന ജോസ് നല്കിയ അപേക്ഷയില്‍ വന മേഖലയില്‍ നിന്നും കടപുഴകി വീണ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ മന്ത്രി ഒ.ആര് കേളു അദാലത്തില്‍ നിര്‍ദേശിച്ചു. കടമാന്‍ തോടിന് കരയിലെ വന മേഖലയോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലത്താണ് ജോസിന്റെ പുരയിടം. മഴക്കാലമായാല്‍ തോട് കരകവിഞ്ഞൊഴുകി വീടും പരിസരവും വെള്ളത്തിലാവും. പ്രളയത്തില്‍ ജോസിന്റെ പുരയിടത്തിലേക്ക് വനപ്രദേശത്തെ രണ്ട് മരങ്ങള്‍ വീടിന് മുകളിലേക്കും തോട്ടിലേക്കും വീഴുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസിലും വനം വകുപ്പിനെയും അറിയിച്ച് വീടിന് മുകളില്‍ വീണ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി. തോട്ടില്‍ വീണ തടി അവിടെ തന്നെ നിര്‍ത്തുകയും ചെയ്തു. മഴപെയ്ത് തോട്ടിലെ ഒഴുക്ക് തടസപ്പെട്ട് വീട്ടിലേക്ക് വെള്ളം കയറി കേടുപാട് സംഭവിക്കുന്നതിനാല്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന പരാതിയിലാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്തില്‍ നടപടിയായത്. അപേക്ഷകന്റെ വീടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു മാസത്തിനകം മരം മുറിച്ചുമാറ്റാന്‍ കല്‍പ്പറ്റ ഫോറസ്റ്റ് ഓഫീസര്‍ക്ക് അദാലത്തില്‍ നിര്‍ദ്ദേശം നല്കി. 70 വയസുള്ള ലോട്ടറി തൊഴിലാളിയായ ജോസിനൊപ്പം ഭാര്യയും മകനുമാണുള്ളത്. ജോസിന്റെ പി.എച്ച്.എച്ച് വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് എ.എ.വൈ കാര്‍ഡിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസറോട് ആവശ്യമായ രേഖകള്‍ പരിശേധിച്ച് നടപടി സ്വീകരിക്കാനും മന്ത്രിനിര്ദ്ദേശിച്ചു.
സുബ്രഹ്മണ്യനും കല്യാണിക്കും സൗജന്യ റേഷന്‍
സുബ്രഹ്മണ്യനും കല്യാണിക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു താലൂക്ക്തല അദാലത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ നിലവിലെ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് എ.എ.വൈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നതായിരുന്നു കല്യാണിയുടെ ആവശ്യം. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ തോമാട്ടുച്ചാല്‍ വില്ലേജില്‍ താമസിക്കുന്ന കല്യാണിയുടെ ് 78 വയസുള്ള ഭര്‍ത്താവ് സുബ്രഹ്മണ്യം വര്‍ഷങ്ങളായി തളര്‍വാതം വന്നു കിടപ്പിലാണ്. 73 വയസുള്ള കല്യാണി വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാല്‍ ജോലിക്ക് പോകാന്‍ സാധിക്കില്ല. പ്രായമായ ഇരുവരേയും സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഇരുവരുടെയും ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് റേഷന്‍ കാര്‍ഡ് എ.എ.വൈ വിഭാഗത്തിലേക്ക് മാറ്റി നല്കാന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് മന്ത്രി നിര്ദ്ദേശംനല്കി.
ശ്രീദേവിയുടെ വീട്ടില്‍ ഉടന്‍ വെളിച്ചമെത്തും
നെന്മേനി പഞ്ചായത്തിലെ കരിങ്കാളിക്കുന്ന് പണിയ നഗറില്‍ താമസിക്കുന്ന ശ്രീദേവിയുടെ വീട്ടിലെ വൈദ്യുതി ഉടന്‍ പുനഃസ്ഥാപിക്കുന്നതിന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു താലൂക്ക്തല അദാലത്തില്‍ നിര്‍ദേശം നല്കി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ ശ്രീദേവിയുടെ പരാതി പരിഗണിക്കവെയാണ് വൈദ്യുതി ബില്‍ കുടിശ്ശിക ഒഴിവാക്കുന്നതിനും വൈദ്യുതി പുന:സ്ഥാപിക്കുന്നതിനും മന്ത്രി കെ.എസ് ഇ ബി അധികൃതര്‍ക്കും ടി.ഡി ഒയ്ക്കും നിര്‍ദ്ദേശം നല്‍കിയത്. ശ്രീദേവി 12 വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ചന്ദ്രന് പത്ത് വര്‍ഷം മുമ്പ് മരിച്ചു. ഏകമകന് മരത്തില്‍ നിന്നും വീണ് നട്ടെല്ല് തകര്‍ന്ന് കിടപ്പിലാണ്. മകന്റെ ഭാര്യയും മക്കളും ഉള്‍പ്പെടുന്നതാണ് ശ്രീദേവിയുടെ കുടുംബം. മകന്റെ ഭാര്യ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. അസുഖബാധിതരെ നോക്കേണ്ടത് കൊണ്ട് തന്നെ മകന്റെ ഭാര്യയ്ക്ക് എല്ലാ ദിവസവും ജോലിക്ക് പോകാനും സാധിക്കുന്നില്ല. വൈദ്യുതി വിച്ഛേദിക്കുകയും റവന്യൂ റിക്കവറി വരുകയും ചെയ്ത സാഹചര്യത്തിലാണ് ശ്രീദേവി അദാലത്തില്‍ എത്തി മന്ത്രിയെ വിവരം ധരിപ്പിച്ചത്. ശ്രീദേവിയുടെ വീട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉടന്‍ നടപടി സ്വീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്ദ്ദേശംനല്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍