എല്‍സ്റ്റണ്‍-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സര്‍വ്വെ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ. രാജന്
കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സര്‍വ്വെ നടപടികള്‍വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ - ജയോളജിക്കല്‍ - ഫോട്ടോഗ്രാഫിക് - ഭൂമിശാസ്ത്ര സര്‍വ്വെകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിര്‍ണ്ണയ സര്‍വ്വെ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്‍സ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി സര്‍വ്വെ ആരംഭിച്ച് 20 ദിവസത്തിനകം പൂര്‍ത്തീകരിക്കും. ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി കെട്ടിട നിയമം പരിഗണിച്ച് ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാനമാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നല്കുന്ന 300 രൂപ ജൂവനോപാധി ധനസഹായം ദീര്‍ഘിപ്പിച്ച് നല്കാന് സംസ്ഥാന ദിരന്ത നിവാരണ അതോറിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
സര്‍വ്വെ നടപടികള്‍ക്ക് ശേഷം ഭൂമി ഒരുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കിഫ്കോണിനും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി വയനാട് പുനര്‍നിര്‍മ്മാണ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജകട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റും പദ്ധിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ്, സ്പോണ്‍സര്‍മാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി പദ്ധതി നടത്തിപ്പിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കും. ചീഫ് സെക്രട്ടറി, സര്‍ക്കാര്‍, പി.എം.സി പ്രതിനിധികള്‍, മൂന്നാം കക്ഷി എന്ന നിലയില്‍ ഒരു സ്വതന്ത്ര എന്‍ജിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരടങ്ങിയ സംഘം ഗുണനിലവാരം ഉറപ്പാക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍