ദൃശ്യം മോഡല്‍ കൊലപാതകം: പ്രതിചേര്‍ത്തവരെ കോടതി വെറുതെ വിട്ടു
മാനന്തവാടി: എടവക പയിങ്ങാട്ടിരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ആശൈക്കണ്ണന്റെ ദൃശ്യം സിനിമാ മാതൃകയിലെ കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത മൂവരേയും കോടതി വെറുതെ വിട്ടു. ആശൈക്കണ്ണന്റെ മക്കളായ അരുണ്‍ പാണ്ട്യന്(29), ജയ പാണ്ടി, ഇവരുടെ സുഹൃത്ത് അര്ജുന് (22) എന്നിവരേയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി മാനന്തവാടി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ടി. ബിജു വെറുതേ വിട്ടത് . ഏറെ വിവാദമായ കൊലപാതകം
2017ലായിരുന്നു നടന്നത്. നല്ലൂര്‍നാട് വില്ലേജ് ഓഫീസ് പരിസരത്ത് നിര്‍മാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് ആശൈക്കണ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ ആശൈക്കണ്ണനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്നെന്നായിരുന്നു കേസ്.
ഡി.എന്‍.എ. പരിശോധനാഫലം, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസില്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷനു സാധിക്കാഞ്ഞതിനാലാണ് പ്രതി ചേര്‍ത്തവരെ എല്ലാവരേയും വെറുതേ വിട്ടത്.പ്രതികള്‍ക്കു വേണ്ടി അഡ്വ.കെ. ബിജു മാത്യു ഹാജരായി.
2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വല്ലപ്പോഴും മാത്രം വീട്ടിലെത്തിയിരുന്ന ആശൈക്കണ്ണന്‍ വീട്ടില്‍ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തെന്ന പരാതിയുണ്ടായിരുന്നു. മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും, മകനായ തന്നെയും അമ്മയേയും ചേര്‍ത്ത് അപവാദം പറയുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. സെപ്തംബര്‍ 29 ന് രാത്രി പയിങ്ങാട്ടിരിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍വെച്ചാണ് കൊലനടത്തിയതെന്നാണ് അന്ന് പ്രൊസിക്യൂഷന് വാദിച്ചത്.
സംഭവത്തെ കുറിച്ച് അന്ന് പോലീസ് പറഞ്ഞത്
തമിഴ്നാട് ഉസിലാംപെട്ടി സ്വദേശിയായ ആശൈകണ്ണന്‍ 14 വര്‍ഷം മുമ്പ് ഭാര്യ മണിമേഖലയേയും,മക്കളായ സുന്ദരപാണ്ടി, അരുണ്‍ പാണ്ടി, ജയപാണ്ടി എന്നിവരെയും ഉപേക്ഷിച്ച് പോയ വ്യക്തിയാണ്. എന്നാല്‍ 8 മാസം മുമ്പ് ഇടനിലക്കാരുടെ മധ്യസ്ഥതയില്‍ ഇയ്യാള് കുടുംബത്തോടൊപ്പം ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. പയിങ്ങാട്ടിരിയിലെ സുലൈമാന്‍ കോര്ട്ടേഴിസിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്. മൂത്തമകന് സുന്ദരപാണ്ടി മൈസൂരിലെ ഹോട്ടലില്‍ ജോലിചെയ്ത് വരികയാണ്. രണ്ടാമത്തെ മകന് അരുണ്‍ പാണ്ടി മാനന്തവാടിയിലെ ഗുജറിയിലും, ഇളയമകന് ജയപാണ്ടി പെയിന്റിംഗ് തൊഴിലാളിയുമാണ്. കുടുംബവുമൊത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് താമസമാരംഭിച്ച ആശൈ കണ്ണന് ആദ്യ രണ്ടാഴ്ച കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. മദ്യലഹരിയില്‍ ഇയ്യാള് മണിമേഖലയെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും, രണ്ടാമത്തെ മകനായ അരുണിനേയും മണിമേഖലയേയും കുറിച്ച് വളരെ മോശമായി സംസാരിക്കാനും തുടങ്ങിയതയാും അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. സ്വന്തം അമ്മയെയും അരുണിനേയും ചേര്‍ത്ത് അപവാദം പറഞ്ഞതുമുതലാണ് അരുണിന് ആശൈകണ്ണനോട് വെറുപ്പും വിദ്വേഷവും തോന്നിതുടങ്ങിയത്. ആയതിന്റെ അടിസ്ഥാനത്തില്‍ അരുണ്‍പാണ്ടി അച്ഛനെ കൊല്ലാന്തീരുമാനിക്കുകയായിരുന്നു.മലയാളത്തിലെ ദൃശ്യം സിനിമയാണ് പ്രതിയെ ഇത്തരത്തിലേക്കൊരു കൃത്യത്തിലേക്കും, മൃതദേഹം മറവുചെയ്യുന്നതിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും അരുണിന്റെ വല്ലാതെ സ്വാദീനിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് വെളിപ്പെടുത്തി.
മാനന്തവാടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.കെ. മണി അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 37 സാക്ഷികളേയാണ് വിസ്തരിച്ചത്. 57 രേഖകളും 21 തൊണ്ടിമുതലുകളും തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍