വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സ്പോര്‍ട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറേയും പിടികൂടി; അരുണാചലിലേക്ക് രക്ഷപ്പെടുന്നതിനിടെ ഊട്ടിയില്‍ നിന്നാണ് പിടിയിലായത്
കല്‍പ്പറ്റ: വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സ്പോര്‍ട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറേയും ഊട്ടിയില്‍ നിന്ന് കല്‍പ്പറ്റ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് ഊട്ടിയില്‍ നിന്ന് അരുണാചല്‍ പ്രദേശ്, വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27) നേയും, ഇയാള്‍ ഉപയോഗിച്ച ടി.എന്‍ 37 ബി.യു 0073 രജിസ്ട്രേഷന് നമ്പറിലുള്ള ആര്15 ബൈക്കും കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ അരുണാചലിലേക്ക് രക്ഷപെടുമ്പോഴാണ് പിടിവീഴുന്നത്. നമ്പര്‍ ബോര്‍ഡില്‍ കൃത്രിമത്വമുണ്ടായിട്ടും 200 അധികം ക്യാമറകള്‍ പരിശോധിച്ചാണ് റൈഡറെയും ബൈക്കിനെയും വലയിലാക്കിയത്.
ഈ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാല് മണിയോടുകൂടി കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് സംഭവം. ബസ്സിനെ ഇടതു സൈഡിലൂടെ മറികടന്ന് അമിത വേഗത്തില്‍ വന്ന ബൈക്ക് വഴിയാത്രക്കാരനായ താമരശ്ശേരി കൂടരഞ്ഞി സ്വദേശിയായ പൗലോസിനെയാണ് ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയത്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൃത്യമായ അന്വേഷണം നടത്തി. ജില്ലയ്ക്കകത്തും പുറത്തുമായി 200ലധികം സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചും സ്പോര്‍ട്സ് ബൈക്കുകള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും ശക്തമായ അന്വേഷണം നടത്തിയതില്‍ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
കല്‍പ്പറ്റ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വി. ജെ. ബിനോയിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ.വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍