എന്‍.എം. വിജയന്റെ മരണം; ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: കോണ്‍ഗ്രസ്
കല്‍പ്പറ്റ: ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും അത് വഴി കോണ്‍ഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സി.പി.എം. നീക്കം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയും ഐ.സി. ബാലകൃഷ്ണനുമാണ്. അതിനായി ഐ.സി. ബാലകൃഷ്ണന് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നല്‍കിയിട്ടുണ്ട്.
ജില്ലയിലെ മുതിര്‍ന്ന നേതാവായ എന്‍.എം. വിജയേട്ടന് നിരവധി തവണ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും, പാര്‍ട്ടിയുടെ വിവിധ ഘടകത്തിലും പ്രവര്‍ത്തിച്ച് വരുന്ന ആളാണ്. ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ വിജയേട്ടന് ആത്മഹത്യ ചെയ്യേണ്ടതായ ഏതെങ്കിലും വിധത്തിലുള്ള സാഹചര്യം തനിക്ക് ഉണ്ടെന്ന് അദ്ദേഹം ഒരു ഘട്ടത്തിലും പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തിലോ, നേതാക്കന്മാരോടും പ്രവര്‍ത്തകരോടും വ്യക്തിപരമായോ സൂചിപ്പിച്ചിട്ടില്ല. ആയതിനാല്‍ തന്നെ വിജയേട്ടന്റെ ആത്മഹത്യ അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ആണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണ് എന്നേ കരുതാന്‍ കഴിയൂവെന്നും നേതാക്കള്‍ പറഞ്ഞു.
അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്ന് വന്ന 2021 ല്‍ ആ വിഷയം അന്വേഷിക്കുന്നതിന് ഡി.സി.സിയും, കെ.പി.സി.സിയും സമിതിയെ നിയോഗിക്കുകയും, ആ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അര്‍ബന്‍ ബാങ്ക് ചെയര്മാന് അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ ചെയര്‍മാനെ സി.പി.എം. അതേ ബാങ്കിന്റെ ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയര്മാനായക്കുകയും, തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.എം. പാനലില്‍ മത്സരിപ്പിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്ന സമയത്ത് ഒന്നും തന്നെ വിജയേട്ടന് എതിരെ ഒരു പരാതിയും ലഭിക്കുകയോ, ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള എഗ്രിമെന്റ് ഒന്നും സമിതിയുടെ പരിഗണനക്ക് വന്നിരുന്നില്ല. അത്കൊണ്ട് തന്നെ ഇപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമര കോലാഹലങ്ങള്‍ കഴിഞ്ഞ കുറേ കാലങ്ങളായി സംസ്ഥാന തലത്തിലും വയനാട് ജില്ലയിലും അവര്‍ക്ക് നേരിട്ട് കൊണ്ടിരിക്കുന്ന പെരിയ കൊലപാതക വിധിയും, നവീന്‍ ബാബുവിന്റെ മരണവും, ഇടുക്കിയിലെ സാബുവിന്റെ മരണവും ഉള്‍പ്പടെ സമീപ കാലത്ത് സഹകരണ മേഖലയില്‍ ഉണ്ടായ വിഷയങ്ങളും ഉള്‍പ്പടെ തിരിച്ചടികള്‍ മൂടിവെക്കുന്നതിന് വേണ്ടിയുള്ളവയാണ്. കഴിഞ്ഞ 14 വര്‍ഷമായി സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണനെ തേജോവധം ചെയ്യുന്നതിന് സി.പി.എം. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് ജയിച്ച് വരികയാണ് ഐ.സി. ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള സി.പി. എമ്മിന്റെ അസഹിഷ്ണുതയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുന്നത്. എന്‍.എം. വിജയേട്ടന്റെ മരണം ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍, ഇതുവരെ ഉന്നയിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെയും, അദ്ദേഹത്തെയും അപമാനിക്കാനാണ് സി.പി.എമ്മും, ചില തല്പരകക്ഷകികളും ശ്രമിക്കുന്നത്.
സി.പി.എം. നടത്തുന്ന ഈ അപഹാസ്യ നടപടികള്‍ തുറന്ന് കാണിക്കുന്നതിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനുവരി 4 ന് ബത്തേരിയില്‍ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, വി.എ. മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hxscm8